police

പത്തനംതി​ട്ട : സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി മണ്ണൂത്തി പൊലീസ് സ്റ്റേഷനൊപ്പം പത്തനംതിട്ട പൊലീസ് സ്റ്റേഷനും ഏറ്റുവാങ്ങി. സംസ്ഥാന പൊലീസ് ആസ്ഥാനത്തു നടന്ന ഓൺലൈൻ ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് അന്നത്തെ പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടറും ഇപ്പോൾ മാന്നാർ എസ്.എച്ച്.ഒയുമായ എസ്. ന്യൂമാൻ ഏറ്റുവാങ്ങി. എ. ഡി.ജി.പി മനോജ് എബ്രഹാം ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ട്രോഫി ഏറ്റുവാങ്ങിയത്. കോട്ടയം ജില്ലയിലെ പാമ്പാടി പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂർ പൊലീസ് സ്റ്റേഷൻ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അർഹമായി.
മികച്ച രീതിയിൽ ഫയലിംഗ് സംവിധാനം ഏർപ്പെടുത്തി, ക്രൈം കേസുകളുടെ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിലൂടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറച്ചു, ഡിജിറ്റൽ തൊണ്ടിമുറി സ്ഥാപിച്ചു, കൊലപാതകം അടക്കം പ്രധാനകേസുകളിൽ പ്രതികളെ കണ്ടെത്തി, പൊതുജന ശിശു സൗഹൃദമായ അന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ നിരവധി നേട്ടങ്ങളുടെ പേരിലാണ് കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനാവാൻ പത്തനംതിട്ടയ്ക്ക് കഴിഞ്ഞത്.