പത്തനംതിട്ട : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനോടൊപ്പം അവരുടെ ക്ഷേമകാര്യങ്ങളിലും നാടിന്റെ മാറ്റങ്ങൾക്കും ഒപ്പം പൊലീസ് എന്നുമുണ്ടാവുമെന്ന് ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിൽ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഴുവേലി ആലക്കോട് ജംഗ്ഷനിലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരം സേവനപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇലവുംതിട്ടയിലെ പ്രവാസി ഷാജൻ കോശി, തന്റെ അമ്മയുടെ 85 ാംമത് ജന്മദിനം പൊലീസിനൊപ്പം ആഘോഷിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും, നേരത്തെ ഇലവുംതിട്ടയിൽ പൊലീസിന്റെ നേതൃത്വത്തിൽ തുടങ്ങിയ തയ്യൽ പരിശീലനകേന്ദ്രത്തിലേക്ക് അഞ്ചു തയ്യൽ മെഷീനുകൾ സംഭവനയായി നൽകുകയും ചെയ്തിരുന്നു.
ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പിയും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ ആർ. സുധാകരൻ പിള്ള അധ്യക്ഷനായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ്, ഇലവുംതിട്ട സബ് ഇൻസ്‌പെക്ടർ ടി.ജെ. ജയേഷ്, ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എ. ബിനു, ബീറ്റ് ഓഫീസർമാരായ അൻവർഷാ, പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.