പത്തനംതിട്ട : മോട്ടോർ വാഹന വകുപ്പിന്റെ സാരഥിക്ക് മൊബൈൽ ഫോണുകളോട് അത്ര സൗഹൃദമില്ല. സാരഥി സോഫ്റ്റ് വെയറിൽ നടത്തുന്ന ലേണേഴ്സ് ടെസ്റ്റിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് നെറ്റ് വർക്കിൽ തടസമുണ്ടാകുന്നത് പതിവാണ്. ഇത് കാരണം ടെസ്റ്റ് പാസാകാനോ മുഴുവൻ ചോദ്യങ്ങൾക്കുത്തരം നൽകാനോ അപേക്ഷകർക്ക് സാധിക്കുന്നില്ല. കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് ലേണേഴ്സ് ടെസ്റ്റുകൾ അതത് ആർ.ടി.ഓഫീസിൽ ആയിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ വീട്ടിലിരുന്ന് തന്നെ പരീക്ഷ എഴുതാം. പരീക്ഷ എഴുതുന്നതിനിടെ നെറ്റ്വാർക്ക് ഹാങ്ങായി നിൽക്കുന്നതും ലോഗൗട്ടായി പോകുന്നതും പതിവാകുന്നുണ്ട്.
* അമ്പത് ചോദ്യങ്ങളിൽ മുപ്പത് എണ്ണത്തിന് ഉത്തരം എഴുതണം. മുമ്പ് 20 ചോദ്യത്തിൽ 12 എണ്ണത്തിന് ഉത്തരം നൽകിയാൽ മതിയായിരുന്നു. 36 സെക്കൻഡാണ് ഒരു ഉത്തരം എഴുതാനുള്ള സമയം. വൈകിട്ട് 7മുതൽ 11വരെയാണ് ടെസ്റ്റ് എഴുതാനുള്ള സമയം. ലോഗിൻ ചെയ്യാനുള്ള ഒ.ടി.പി ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയു. ലോഗൗട്ടായിൽ പരീക്ഷ മുടങ്ങും.
* ലൈസൻസ് സംബന്ധമായ എല്ലാ അപേക്ഷകൾക്കും സാരഥി സോഫ്റ്റ് വെയർ ഉപയോഗിക്കാം. ഏത് ഓഫീസിലേക്കും അപേക്ഷ സമർപ്പിക്കാം. മുമ്പ് അതാത് ഓഫീസുകളിൽ എത്തണമായിരുന്നു.
''എല്ലാവർക്കും ലാപ് ടോപ്പും സിസ്റ്റവുമുണ്ടാവില്ല.മൊബൈൽഫോണാണ് പലരും ഉപയോഗിക്കുന്നത്. നെറ്റ് വർക്ക് തകരാറിലാകുമ്പോൾ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടാണ്. "
ഷിജു ഏബ്രഹാം
(ഡ്രൈവിംഗ് പരിശീലകൻ)
"മൊബൈൽ ഫോണിൽ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം. നെറ്റ് വർക്കിൻ്റെ പ്രശ്‌നമാണ്. സെർവർ പ്രശ്നം ഒന്നുമില്ല.''
ജിജി ജോർജ്
(പത്തനംതിട്ട ആർ.ടി.ഒ)
-------------
-ഒരു ദിവസം 40 പേർക്കാണ് പരീക്ഷ നടത്തുന്നത്
-സൈറ്റ് ലോഗ് ഔട്ട് ആയാൽ പിറ്റേ ദിവസം വീണ്ടും ശ്രമിക്കേണ്ടിവരും
-പാസായില്ലെങ്കിൽ വീണ്ടും അപേക്ഷിച്ച് ഫീസ് അടയ്ക്കണം