കൊവിഡ് ഭീഷണിമൂലം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണല്ലോ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. കുട്ടികളുടെ സ്കൂൾ പഠനത്തിന്റെ തുടർച്ച നിലനിറുത്തുന്നതിന് അനിവാര്യമായ ഒന്നായിരുന്നു ഇത്. പരിമിതകളുണ്ടെങ്കിലും ഏറെക്കുറെ മികച്ച ക്ലാസുകളാണ് അവർക്ക് ലഭിക്കുന്നത്. അവരുടെ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ, ടി.വി തുടങ്ങിയ സൗകര്യങ്ങളൊരുക്കാൻ സർക്കാരും എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്നു പ്രവർത്തിച്ചു. ജൂണിൽ തുടങ്ങിയ ക്ലാസുകൾ ഇപ്പോൾ അഞ്ചര മാസം പിന്നിട്ടിരിക്കുന്നു. വിദ്യാലയങ്ങൾ എന്നു തുറക്കുമെന്ന് പറയാൻ ഇനിയും കഴിയുന്നില്ല.
കുട്ടികൾ ഇപ്പോൾ വീട്ടിൽ തന്നെയാണ് സമയം ചെലവഴിക്കുന്നത്.കളികൾ, യാത്രകൾ, സന്ദർശനങ്ങൾ തുടങ്ങിയവയെല്ലാം ഏതാണ്ട് ഒഴിവാക്കിയിരിക്കുന്നു.ടി.വി,സ്മാർട്ട് ഫോൺ എന്നിവയുടെ ഉപയോഗം വർദ്ധിച്ചിരിക്കുന്നു. ഇവയൊക്കെ കുട്ടിയിൽ മാനസിക സംഘർഷവും മറ്റ് പെരുമാറ്റ പ്രശ്നങ്ങളും സുഷ്ടിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല. രക്ഷിതാക്കൾ കൂടി ശ്രദ്ധിച്ചാൽ ഇവ ഒഴിവാക്കാവുന്നതേയുള്ളൂ.
എന്തൊക്കെയാണ് രക്ഷിതാക്കൾ ശ്രേദ്ധിക്കേണ്ടത് ?
1. വീട്ടിലെ അന്തരീക്ഷം എല്ലായ്പ്പോഴും സൗഹാർദപരമായിരിക്കണം. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളും ശകാരങ്ങളും ഒഴിവാക്കണം. കുട്ടിയ്ക്ക് മാനസിക സമ്മർദ്ദവും വിഷമവും ദേഷ്യവും ഉണ്ടാകുന്ന രീതിയിൽ ഒരിടപ്പെടലും നടത്തരുത്.
2. എല്ലാ കുട്ടികളും മുടങ്ങാതെ ക്ലാസുകൾ കാണുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇതിന് പല കാരണങ്ങളുണ്ടാവാം. ടി.വി, ഫോൺ, ഇൻ്റർനെറ്റ് എന്നിവയുടെ അഭാവം, മാതാപിതാക്കൾ ജോലിക്കു പോകുമ്പോൾ ഫോൺ കൂടി കൊണ്ടു പോകുന്നത്, പഠനത്തിലുള്ള താത്പര്യക്കുറവ്, ശാരീരികാസ്വസ്ഥതകൾ തുടങ്ങിയവ ഇതിനു കാരണങ്ങളാകാം. കുട്ടി മുടങ്ങാതെ ക്ലാസുകൾ കാണാത്തതിന്റെ യഥാർത്ഥ കാരണം എന്തെന്ന് രക്ഷിതാവ് അറിയാൻ ശ്രമിക്കണം. കുട്ടിയോടും അത്യാവശ്യമെങ്കിൽ അദ്ധ്യാപകരോടും സംസാരിച്ച് ഇതിന് പരിഹാരം കാണാനും ശ്രമിക്കണം 3.കുട്ടികൾക്കൊപ്പം മിക്ക രക്ഷിതാക്കളും ക്ലാസ് കാണുന്നുണ്ട് എന്നത് നല്ല കാര്യം. എന്നാൽ ക്ലാസ് കാണുന്ന വേളയിലും അതിനു ശേഷവും കുട്ടികളുടെ താത്പര്യവും ശാരീരിക മാനസികാവസ്ഥയും പരിഗണിക്കാതെ ഇടതടവില്ലാതെ പഠിപ്പിക്കാൻ ശ്രമിക്കരുത്. കുട്ടികൾക്ക് പഠനത്തോട് വിരക്തിയുണ്ടാകാനേ ഇത് ഇടയാക്കൂ. അവർക്ക് വിശ്രമവേളകൾ അനിവാര്യമാണ്.
4. ഓൺലൈൻ ക്ലാസിൻ്റെ ഭാഗമായി നൽകുന്ന പ്രവർത്തനങ്ങൾ അവർ തന്നെ ചെയ്യട്ടെ. അക്കാര്യങ്ങളിൽ അവരെ സഹായിക്കാം. എന്നാൽ അമിതമാകരുത്.
5. കുട്ടികൾ സ്മാർട്ട് ഫോൺ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത നാം കാണാതിരുന്നു കൂടാ. പ്രത്യേകിച്ചും കൗമാരപ്രായക്കാരായ കുട്ടികൾ. രക്ഷിതാക്കളുടെ മേൽനോട്ടം ഇതിന് അനിവാര്യമാണ്.എന്നാൽ എല്ലായ്പോഴും ഇക്കാര്യത്തിൽ അവരെ സംശയത്തോടെ നോക്കുന്നതും ശരിയല്ല. അത്യാവശ്യമെങ്കിൽ, കുട്ടിയുമായുള്ള സൗഹൃദ ചർച്ചയിലൂടെ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങൾ ബോദ്ധ്യപ്പെടുത്താം.
6.അവശ്യ സന്ദർഭങ്ങളിൽ അദ്ധ്യാപകരുമായി ആശയവിനിമയം നടത്തണം.
7. കുട്ടികളുടെ കലാ,സാഹിത്യ,സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് വിനോദ പരിപാടികളിൽ ഏർപ്പെടാം.കളികൾ, യോഗ, വ്യായാമം തുടങ്ങിയ കായിക പ്രവർത്തനങ്ങൾക്കും വീട്ടിൽ അവസരം ഒരുക്കണം. ഇങ്ങനെ കൊവിഡ്കാലം ആനന്ദപ്രദവും ആരോഗ്യകരവുമാക്കി തീർക്കുന്നതിൽ രക്ഷിതാക്കൾക്ക് മുഖ്യ പങ്കാണുള്ളത്.