ശബരിമല: വ്രതശുദ്ധിയുടെ 41നാൾ നീണ്ടു നിൽക്കുന്ന മണ്ഡലകാല പൂജകൾക്കായി ശബരീശന്റെ തിരുസന്നിധിയിൽ ദീപം തെളിഞ്ഞു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഇതാദ്യമായി തീർത്ഥാടകരുടെ സാന്നിദ്ധ്യമില്ലാതെയാണ് ശ്രീകോവിൽനട തുറന്നത്. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീലകത്ത് നെയ് വിളക്ക് തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്നശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി ജ്വലിപ്പിച്ചു. ശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിനെയും പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് കൂട്ടിക്കൊണ്ടു പോയി അയ്യപ്പദർശനത്തിന് സൗകര്യമൊരുക്കി. വൈകിട്ട് 7 മണിയോടെ തന്ത്രിയുടെ കാർമ്മികത്വത്തിൽ വി.കെ. ജയരാജ് പോറ്റിയുടെയും എം.എൻ.രജികുമാറിന്റെയും അവരോധന ചടങ്ങ് നടന്നു. ഇന്ന് പുലർച്ചെ ക്ഷേത്രനടകൾ പുതിയ മേൽശാന്തിമാരാണ് തുറക്കുക. സ്ഥാനംഒഴിഞ്ഞ മേൽശാന്തിമാർ ഇന്നലെ രാത്രി മലയിറങ്ങി. ഇന്നലെ മുതൽ എത്തിയ തീർത്ഥാടകരെ നിലയ്ക്കലിൽ ക്യാമ്പ് ചെയ്യിപ്പിച്ച ശേഷം പുലർച്ചെ ഒരു മണിയോടെയാണ് പമ്പയിലേക്ക് കടത്തിവിട്ടത്.
ഇന്ന് പുലർച്ചെ 5ന് നട തുറക്കും, അഷ്ടാഭിഷേകം, ഗണപതിഹോമം എന്നീ ചടങ്ങുകളോടെ മണ്ഡകാല പൂജകൾക്ക് തുടക്കമാകും. അപ്പം, അരവണ പ്രസാദങ്ങളുടെ നിർമ്മാണം ഇന്നലെ നടതുറന്ന ശേഷമാണ് ആരംഭിച്ചത്. ആദ്യ ദിവസം 10,000 ടിൻ അരവണയും 5000 കവർ അപ്പവുമാണ് നിർമ്മിക്കുക. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെമ്പർമാരായ അഡ്വ.കെ.എസ്. രവി , അഡ്വ.എൻ.വിജയകുമാർ, ദേവസ്വം കമ്മിഷണർ ഡോ. ബി. എസ്. തിരുമേനി, സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ ശബരിമലയിൽ എത്തിയിട്ടുണ്ട്.
തീർത്ഥാടകർക്ക് നിയന്ത്രണം ഉള്ളതിനാൽ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ദേവസ്വം ജീവനക്കാരും ദിവസവേതനക്കാരും ഉൾപ്പെടെ പമ്പ, നിലയ്ക്കൽ, ശബരിമല എന്നിവിടങ്ങളിലായി 500 ജീവനക്കാർ മാത്രമാണുള്ളത്.
ശബരിമല ഇടത്താവളങ്ങളിൽ
കർശന നിയന്ത്രണം
തിരുവനന്തപുരം: മണ്ഡലകാല തീർത്ഥാടനം തുടങ്ങിയതോടെ പ്രധാന ഇടത്താവളങ്ങൾ കർശന നിയന്ത്രണത്തോടെ തീർത്ഥാടകർക്കായി തയ്യാറായി. ഏറ്റവുംകൂടുതൽ തീർത്ഥാടകർ വിശ്രമത്തിനെത്തുന്ന എരുമേലിയിലും പന്തളത്തുമടക്കം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്.
ഭക്തർക്ക് ഇടത്താവളങ്ങളിൽ വിരിവയ്ക്കാനോ ദീർഘനേരം വിശ്രമിക്കാനോ അനുമതിയിട്ടില്ല . താത്കാലികമായി വിശ്രമിക്കുന്നതടക്കമുള്ള സൗകര്യങ്ങൾ മാത്രമാകും അനുവദിക്കുക. തുലാമാസപൂജയ്ക്ക് സമാനമായ രീതിയിലാണ് മണ്ഡല മകരവിളക്ക് തീർത്ഥാടനവും നടത്താൻ സർക്കാർ തീരുമാനിച്ചത്.
പരിമിതികൾക്കുള്ളിൽ നിന്ന് തീർത്ഥാടനം നല്ല നിലയിൽ നടത്താനാകുമെന്നുമെന്നാണ് ദേവസ്വം ബോർഡ് അധികൃതരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
ഏരുമേലി പേട്ട തുള്ളലിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു സമയം അഞ്ച് പേർക്ക് മാത്രമാവും അനുമതി ഉണ്ടാവുക. പേട്ടതുള്ളലിന് ആവശ്യമായ ഉപകരണങ്ങൾ സ്വയം കരുതണം. വർണ കുങ്കുമങ്ങൾ ഉപയോഗിക്കാനും പാടില്ല.