16-kottappara-1

കൂടൽ: വന്യമൃഗങ്ങളിൽ നിന്ന് കാത്തോണേ... എന്റെ കോട്ടപ്പാറ അപ്പൂപ്പാ. ഇത് കൂടൽ രാജഗിരിത്തോട്ടത്തിലെ തൊഴിലാളികളുടെ ദിവസവും പുലർച്ചെയുള്ള പ്രാർത്ഥനയാണ്. കോട്ടപ്പാറ മലയും ഇവിടുത്തെ അപ്പൂപ്പൻ സങ്കൽപ്പവും രാജഗിരിയിലെ തൊഴിലാളികളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എ.വി.ടി കമ്പനിയുടെ തോട്ടത്തിലെ കോട്ടപ്പാറമലയിൽ മുറുക്കാൻ സമർപ്പിച്ച് പുലർച്ചെ ജോലിക്കിറിങ്ങുന്നത് വർഷങ്ങളായി തോട്ടം തൊഴിലാളികളുടെ പതിവായിരുന്നു. വനമേഖലയോട് ചേർന്നുകിടക്കുന്ന തോട്ടത്തിൽ വന്യ മൃഗങ്ങളുടെയും പാമ്പിന്റെയും ശല്യമുണ്ട്. പുലച്ചെ 3 മണിക്ക് ജോലിക്കിറങ്ങുന്ന തൊഴിലാളികൾ തോട്ടത്തിന് നടുവിലെ കോട്ടപ്പാറയിൽ മുറുക്കാനും വിളക്കും വയ്ക്കുന്നത് വന്യമൃഗങ്ങളിൽ രക്ഷിക്കണേ എന്ന പ്രാർഥനയോടെ ആയിരുന്നു. പൂർവികരായ തൊഴിലാളികൾ അനുഷ്ഠിച്ചു വന്ന ചടങ്ങ് ഇന്നും തുടരുന്നു. തോട്ടത്തിനുള്ളിലെ ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാണിന്നും കോട്ടപ്പാറമല.

കാർഷികവൃത്തി ഉപജീവനമാക്കിയിരുന്ന സമീപപ്രദേശങ്ങളിലെ ജനങ്ങളും കൃഷിനാശം, രോഗബാധ, വന്യമൃഗശല്യം എന്നിവ ഇല്ലാതാക്കാൻ കോട്ടപ്പാറമലയെയും ഇവിടുത്തെ ദേവസങ്കല്പത്തെയും ആരാധിച്ചിരുന്നു. പിൽക്കാലത്തു കോട്ടപ്പാറമലയുടെ അടിവാരത്തുള്ള പിള്ളപ്പുരയുടെ സമീപത്തു ആളുകൾ വിളക്കു വയ്ക്കാനും പൂജകൾ നടത്താനും തുടങ്ങി. വർഷംതോറും 41 ദിവസത്തെ ചിറപ്പുത്സവവും പൂജകളും ഇവിടെ നടത്തിവരുന്നു. എ.വി.ടി. കമ്പനിയുടെ ഉടമസ്ഥതിയിലുള്ള സ്ഥലം ഇവിടുത്തെ വിശ്വാസികളായ തോട്ടം തൊഴിലാളികളുടെ പേരിൽ വിട്ടുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദി ദ്രാവിഡ ഗോത്ര സങ്കല്പങ്ങളുമായി കോട്ടപ്പാറമലയ്ക്കും വിശ്വാസത്തിനും ബന്ധമുണ്ട്.