അടൂർ: നഗരസഭയിലെ ചില വാർഡുകളെ ചൊല്ലി യു.ഡി.എഫിലുണ്ടായിരുന്ന തർക്കങ്ങൾക്ക് ഇനിയും പൂർണ പരിഹാരമാകാത്തതോടെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നടത്താനായിട്ടില്ല. അതേ സമയം എൽ.ഡി.എഫ് ആകട്ടെ വാർഡുതലങ്ങളിലുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാർത്ഥികൾ ഒരു റൗണ്ട് വീടു സന്ദർശനങ്ങളും പൂർത്തിയാക്കിയപ്പോഴും ഏതാനും ചില വാർഡുകളിലെ തർക്കമാണ് കോൺഗ്രസിന് ഔദ്യോഗിക പ്രഖ്യാപനം നടത്താൻ വിലങ്ങുതടിയായത്. അതേ സമയം തർക്കമില്ലാത്ത വാർഡുകളിൽ സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചു. കഴിഞ്ഞു. യു.ഡി.എഫിൽ മുസ്ലിം ലീഗിന് നൽകിയ 21-ൽ ഷെറീനാ അബ്ദുൾ സമദും, 23 -ൽ ലീഗ് സ്വതന്ത്രയായി എം.പി ഷീജയും മത്സരിക്കും. 15,24 വാർഡുകളിൽ മൂന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാർ മത്സര രംഗത്ത് എത്തിയതോടെതാണ് പരിഹാരംതേടി ഡി.സി.സി നേതൃത്വത്തെ തന്നെ സമീപിച്ചത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്ന മാരത്തോൺ ചർച്ചയ്ക്കൊടുവിൽ 15 ൽ അനൂപ് ചന്ദ്രശേഖരൻ മത്സരിക്കുമെന്ന് ഉറപ്പായി. ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ 16-ാം വാർഡ് കൗൺസിലറുമായ എസ്.ബിനു ഈ സീറ്റിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെയാണ് ഇവിടെ തർക്കം ഉടലെടുത്തത്. 24 -ൽ ഡി.സി.സി സെക്രട്ടറിമാരായ ഏഴംകുളം അജുവും അഡ്വ.ബിജു വർഗീസുമാരണ് രംഗത്തെത്തിയത്.ഐ ഗ്രൂപ്പ് അവസാനഘട്ടം വരെയും ബിജുവർഗീസിനായി ചരട് വലിച്ചെങ്കിലും ഡി.സി.സി നേതൃത്വം ഏഴംകുളം അജു മത്സരിക്കട്ടെ എന്നനിലപാടിലെത്തിയതായാണ് അറിയുന്നത്.വാർഡ് 26-മത്സരിക്കുന്നതിനായി മുൻ നഗരസഭാ അദ്ധ്യക്ഷയും മുൻ കൗൺസിലറുമായിരുന്ന അന്നമ്മ ഏബ്രഹാം ആദ്യം മുതൽ രംഗത്തുണ്ടായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങളിലെ നീക്കുപോക്ക് വെച്ച് ഐ ഗ്രപ്പ് പ്രതിനിധിയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ കുഞ്ഞന്നാമ്മ കുഞ്ഞിന് ഈ സീറ്റുനൽകാൻ ധാരണയായതായി അറിയുന്നു. ഇതിനിടെ ഐ ഗ്രൂപ്പിലെ എസ്.ബിനുവിന് മത്സരിക്കാനായി മറ്റൊരു വാർഡ് കണ്ടെത്തുന്നതിനുള്ള ശ്രമവും നടന്നുവരുന്നു.ഇന്നോടെ ഔദ്യോഗിക സ്വാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.