കോന്നി : ദക്ഷിണേന്ത്യയിലെ മികച്ച മൈക്രോ ലബോറട്ടറിയായ കോന്നി ഭക്ഷ്യ ഗവേഷണ കേന്ദ്രത്തിൽ
ഡയറക്ടർ ആകാൻ യോഗ്യതയുള്ള ആരുമില്ലേ ? കഴിഞ്ഞ അഞ്ച് മാസമായി സപ്ളൈക്കോ ഈ തസ്തികയിലേക്ക് നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ആരും ഇതുവരെയും അപേക്ഷ സമർപ്പിച്ചിട്ടില്ല. സിവിൽ സപ്ളൈസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഇവിടെയാണ് പരിശോധിക്കുന്നത്. ഓണക്കാലത്ത് സംസ്ഥാന സർക്കാർ വിതരണംചെയ്ത ഭക്ഷ്യകിറ്റിലെ പർപ്പടകത്തിന്റെയും ശർക്കരുടെയും മായം കണ്ടുപിടിച്ചതും കോന്നിയിലാണ്.
ഫുഡ് ടെക്നോളജിയിലോ അനുബന്ധ വിഷയത്തിലോ ഡോക്ടറേറ്റുള്ള 50 വയസ് കവിയാത്തവരെയാണ് ഡയറക്ടറാകാൻ ക്ഷണിച്ചത്. എന്നാൽ ആരും അഞ്ച് പ്രാവശ്യവും അപേക്ഷ നൽകിയില്ല. ഇനി യോഗ്യത പുനപരിശോധിച്ച് പുതിയ നിയമന ഉത്തരവ് ഇറക്കേണ്ടി വരും.
മൈക്രോ ലബോറട്ടറിക്ക് പുറമെ ഫുഡ് ടെക്നോളജി കോളേജ്, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി സെന്റർ എന്നിവയും സി.എഫ്.ആർ.ഡി കോന്നി കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. എം.ബി.എ കോളേജും ഉടൻ തുടങ്ങും.മൂവാറ്റുപുഴ ഫല വർഗ സംസ്കരണ കേന്ദ്രത്തിന്റെ മേൽനോട്ടവും കോന്നി കേന്ദ്രത്തിനാണ്. കോളേജ് പ്രിൻസിപ്പലാണ് ഇപ്പോൾ ഡയറക്ടറുടെ ചുമതല വഹിക്കുന്നത്. മുഴുവൻ സമയ ഡയറക്ടറുടെ സേവനം ഉണ്ടെങ്കിലേ കേന്ദ്രത്തിന്റെ പ്രവർത്തനം ഫലപ്രദമായി മുന്നോട്ടുപോകു.