തിരുവല്ല: സംസ്ഥാന സർക്കാരിന്റെ ഖജനാവിന് നഷ്ടം വരുത്തിയ കിഫ്ബിയിലെ തട്ടിപ്പുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിവാഹക സമിതിഅംഗം പി.കെ.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കിഫ്ബി ഇതുവരെ നടത്തിയ ഇടപാടിലൂടെ 3,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തൽ. പണം കടമെടുക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഈ തട്ടിപ്പു കമ്പനി പൊളിഞ്ഞാൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കും. അതുകൊണ്ടുതന്നെ കിഫ്ബിക്ക് അകത്ത് നടന്ന തട്ടിപ്പും വെട്ടിപ്പും ഭരണഘടനാ സ്ഥാപനമായ സി.എ.ജി അന്വേഷിക്കും.കിഫ്ബിക്ക് അകത്ത് നടക്കുന്നത് സത്യസന്ധമാണെങ്കിൽ ധനമന്ത്രി എന്തിനാണ് സി.എജി അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കിഫ്ബി സംസ്ഥാന സർക്കാരിന്റെ തട്ടിപ്പിന്റെ ഏജൻസിയാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണ് ധനമന്ത്രിയെ സി.എ.ജിക്കെതിരെ യുദ്ധപ്രഖ്യാപനത്തിന് പ്രേരിപ്പിച്ചത്.സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ വികസനത്തിന്റെ മറവിൽ നടത്തിയ തീവെട്ടിക്കൊളളയാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ,ജില്ലാസെൽ കൺവീനർ വിനോദ് തിരുമൂലപുരം,മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ എന്നിവർ പങ്കെടുത്തു.