ശബരിമല : തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ, വടശേരിക്കര പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം തുടങ്ങി. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തന ഉദ്ഘാടനം ജില്ലാപൊലീസ് മേധാവി കെ.ജി സൈമൺ നിർവഹിച്ചു. തീർത്ഥാടനത്തോടനുബന്ധിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും അതതു സ്പെഷ്യൽ ഓഫീസർമാർക്ക് വേണ്ട നിർദേശങ്ങൾ നൽകിയതായും, ഒരുക്കങ്ങളും സൗകര്യങ്ങളെയും കുറിച്ച് ശബരിമല ദേവസ്വം കമ്മിഷണറുമായി ചർച്ച നടത്തിയതായും ക്രമീകരണങ്ങൾ വിലയിരുത്തി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വെർച്വൽ ക്യു വഴി ബുക്ക് ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ, ദിവസവും 1000 പേർക്കാണ് ഇത്തരത്തിൽ മലകയറാൻ അനുമതിയുള്ളത്. പമ്പയിലോ സന്നിധാനത്തോ തങ്ങാൻ അനുവദിക്കില്ല, 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ ഇല്ലാത്തവർക്ക് ടെസ്റ്റ് നടത്തുന്നതിനും, സാനിറ്റേഷൻ സൗകര്യങ്ങളും തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പാസ്നാനം അനുവദിക്കില്ല, ഷവർ ബാത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. നിലയ്ക്കലിൽ പായവിരിച്ചു കിടക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങൾ നിലയ്ക്കലിൽ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കൂ. പമ്പയിൽ ആളെ ഇറക്കിയ ശേഷം നിലയ്ക്കലെത്തി അവിടെ പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞാലുടനെ ഭക്തർ തിരികെപോകുന്നു എന്നതും, കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നു എന്നതും ഉറപ്പാക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
പൊലീസുദ്യോഗസ്ഥർ എല്ലാവിധ കൊവിഡ് സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായും പാലിച്ചുവേണം ഡ്യൂട്ടി നോക്കേണ്ടത്. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗത്തിൽ ഭക്തർ സൂക്ഷ്മത കാട്ടണം. പൊലീസ് സൂപ്രണ്ട് എ.യു സുനിൽകുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസ് തുടങ്ങിയവർ പങ്കെടുത്തു.