പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രി ഇനി കൊവിഡ് ആശുപത്രിയാകും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കുന്നത്. കൊവിഡ് ആശുപത്രിയായിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് തുറക്കേണ്ടതിനാലാണിത്. കൊവിഡ് കേസുകളുണ്ടെങ്കിൽ ശബരിമല വാർഡ് ക്രമീകരിക്കാൻ സാധിക്കില്ല. അത് അപകടമാകുമെന്നതിനാൽ ജനറൽ ആശുപത്രിയിൽ പോസിറ്റീവ് രോഗികളെ പ്രവേശിപ്പിക്കുന്നത് നിറുത്തി. പകരം കോഴഞ്ചേരി ആശുപത്രിയിലേക്കാണ് രോഗികളെ എത്തിക്കുന്നത്. ജില്ലാ ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കും. കാറ്റഗറി ബിയിൽപ്പടുന്ന രോഗികളെ ജില്ലയിലെ സി.എസ്.എൽ.ടി .സികളിലും അഡ്മിറ്റ് ചെയ്യും. ജില്ലയിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയും പത്തനംതിട്ട ജനറൽ ആശുപത്രിയുമായിരുന്നു രണ്ട് കൊവിഡ് ചികിൽസാ കേന്ദ്രങ്ങൾ. 140 കിടക്കകളോട് കൂടിയ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സാകന്ദ്രമായി തുടരുന്നതിനൊപ്പം നോൺ കോവിഡ് ചികിൽസയും നടക്കുന്നുണ്ടായിരുന്നു. . തീവ്രപരിചരണം ആവശ്യമായി വരുന്നവർക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 35 കിടക്കകൾ ക്രമികരിച്ചിട്ടുണ്ട് . ജില്ലയിൽ കാറ്റഗറി ബിയിലുള്ള കൊവിഡ് രോഗികളെ ചികിൽസിക്കാനായി കോഴഞ്ചേരി, റാന്നി, പന്തളം എന്നിവിടങ്ങളിലായി മൂന്ന് സി എസ് എൽ ടി സികളാണ് പ്രവർത്തിക്കുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സ നിറുത്തുന്നതോടെ അത്യാഹിത വിഭാഗം, ജനറൽ ഒ.പി ,സ്പെഷ്യലിസ്റ്റ് ഒ പി , ഐ.പി തീയേറ്റർ, ഡയാലിസിസ്, ലാബ്, കാർഡിയോളജി, ന്യുറോളജി തുടങ്ങി എല്ലാവിഭാഗങ്ങളുടെയും പ്രവർത്തനം ആരംഭിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം, സാന്ത്വന പരിചരണം ഒഴിച്ചുള്ള നോൺ കൊവിഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിറുത്തി വെക്കും. ഗൈനക്കോളജി, ഡയാലിസിസ് ഉൾപ്പെടെ 255 കിടക്കകളോടു കൂടി പൂർണമായും കൊവിഡ് ആശുപത്രിയായും ക്രമീകരിക്കും.
" ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ക്രമീകരണം. ഈ ആഴ്ച കൊണ്ട് പുന:ക്രമീകരണം നടത്താൻ കഴിയും. ജില്ലാ ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാകും."
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ.)