വനിതാ സംവരണമായിരുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇക്കുറി ജനറൽ വിഭാഗത്തിന് ആകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. പട്ടികജാതി സംവരണമായിരിക്കുമെന്ന് കരുതി മുന്നണി നേതാക്കൾ ഡിവിഷനുകളിൽ മത്സരിക്കുന്നതിന് പോലും വിമുഖത കാണിച്ചു. അധികാരം കയ്യിൽ ഇല്ലാതെ വെറുതേ അംഗമായിരുന്നതുകൊണ്ട് എന്തുകാര്യം എന്നായിരുന്നു പറച്ചിൽ. കളം ഏറ്റെടുക്കാതെ പലരും നഗരസഭകളിലേക്കും ഗ്രാമപ്പഞ്ചായത്തുകളിലേക്കും ചേക്കേറി. അപ്പോഴിതാ വരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിന്. ഗ്രാമപ്പഞ്ചായത്തുകളിൽ മത്സരത്തിന് അരങ്ങൊരുക്കിയ നേതാക്കൾ വീണ്ടും ജില്ലാ പഞ്ചായത്തിലേക്ക് തിരിച്ചു പാഞ്ഞു. പാർട്ടികളുടെ അടിയന്തര കമ്മറ്റികൾ വിളിച്ചു ചേർത്തു. ഒാരോ ഡിവിഷനുകളിലേക്കും ഒന്നിലധികം ആളുകളെ സ്ഥാനാർത്ഥികളാക്കി പട്ടിക തയ്യാറാക്കി. ജംബോ പട്ടിക കണ്ട് പാർട്ടികളുടെ സംസ്ഥാന ഘടകങ്ങൾ ഞെട്ടി. സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ച് മത്സരക്കളത്തിൽ മുന്നിലോടുന്ന ഇടതുപക്ഷത്തിനും പിഴച്ചു. യു.ഡി.എഫിലാകട്ടെ സ്ഥാനാർത്ഥികളുടെ കൂട്ടയിടിയും. മാരത്തോൺ ചർച്ചകളിലും തീരുമാനമാകാതെ നാളുകൾ നീണ്ടു.
ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയിട്ടും ഗ്ളാമർ മത്സരങ്ങൾക്ക് വേദിയാകുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ നിർണയിക്കാനായില്ള. ഇതിനിടെ, സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയവർ സോഷ്യൽ മീഡിയകളിൽ പോസ്റ്ററുകളിറക്കി പാർട്ടിനേതൃത്വങ്ങൾക്ക് ഉണ്ടാക്കിയ തലവേദന ചെറുതല്ല. സുഹൃത്തുക്കൾ മുഖേനയാണ് സീറ്റുറപ്പിച്ചു കിട്ടാനുള്ള തന്ത്രം പുറത്തിറക്കിയത്.
ജോസ് പോയപ്പോൾ
കോൺഗ്രസിന് സീറ്റ് കൂടി
പത്രിക സമർപ്പണത്തിന് നാളുകൾ എണ്ണപ്പെട്ടതോടെ രാത്രിവെളുക്കുവോളം ചർച്ചകൾ നീണ്ടുനിന്നു. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കി. 16 അംഗ ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫിൽ കോൺഗ്രസ് 14 സീറ്റുകളിലും കേരളകോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് എണ്ണത്തിലും മത്സരിക്കും. ഒരു ഡിവിഷനിലും സ്വാധീനം ശക്തമല്ലാത്ത മൂന്നാം കക്ഷിയായ മുസ്ളീം ലീഗ് ജില്ലാ പഞ്ചായത്തിലേക്ക് സീറ്റുകൾ ചോദിക്കാതിരുന്നതിന്റെ നേട്ടം കോൺഗ്രസിനാണ് കിട്ടിയത്. കഴിഞ്ഞ തവണ 12 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് രണ്ടു സീറ്റുകൾ കൂടുതൽ കിട്ടി. ഡി.സി.സി ജനറൽ സെക്രട്ടറിയും കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന സാമുവൽ കിഴക്കുപുറം, ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി.സത്യൻ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ തുടങ്ങി നേതാക്കളുടെ വൻ നിര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമാക്കിയാണ് മത്സര രംഗത്തുള്ളത്. കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക കെ.പി.സി.സിയുടെ പരിഗണനയിലാണ്.
സീറ്റ് നഷ്ടം സി.പി.എമ്മിനും
സി.പി.ഐക്കും
യു.ഡി.എഫിൽ നിന്ന് ജോസ് വിഭാഗം എൽ.ഡി.എഫിലേക്ക് എത്തിയപ്പോൾ നഷ്ടം സഹിക്കേണ്ടി വന്നത് സി.പി.എമ്മും സി.പി.ഐയുമാണ്. നാല് പാർട്ടികൾക്കായി ജില്ലാ പഞ്ചായത്ത് സീറ്റുകൾ വീതംവച്ചു. 10 ഡിവിഷനുകളിൽ സി.പി.എമ്മും മൂന്ന് ഡിവിഷനുകളിൽ സി.പി.ഐയും രണ്ടിടത്ത് കേരളകോൺഗ്രസ് ജോസ് വിഭാഗവും ഒരിടത്ത് ജനതാദൾ എസും മത്സരിക്കുന്നു. കഴിഞ്ഞ തവണ 11 സീറ്റുകളിൽ മത്സരിച്ച സി.പി.എമ്മിനും നാല് സീറ്റുകളിൽ മത്സരിച്ച സി.പി.ഐയ്ക്കും ഓരോ സീറ്റുകൾ ജോസ് വിഭാഗത്തിന് നൽകേണ്ടി വന്നു. 11 പാർട്ടികൾ ചേർന്ന എൽ.ഡി.എഫിൽ സീറ്റ് ലഭിക്കാതിരുന്നവരുടെ മുറുമുറുപ്പുകൾ ഗ്രാമപഞ്ചായത്ത് സീറ്റ് വിഭജനത്തിലൂടെ പരിഹരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹർഷകുമാർ, ജില്ലാ കമ്മറ്റിയംഗം ഒാമല്ലൂർ ശങ്കരൻ തുടങ്ങിയവരാണ് ഭരണം ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവർ പ്രചരണരംഗത്തിറങ്ങി. ജയിച്ചാൽ പ്രസിഡന്റായേക്കുമെന്ന് രഹസ്യമായി ഒാർമിപ്പിച്ചാണ് പ്രമുഖരുടെ വോട്ടഭ്യർത്ഥന. നിലവിലെ അംഗങ്ങളെ ഒഴിവാക്കിയുള്ള എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്ക് പരിഗണന നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടിയിറങ്ങി, ഒടുവിൽ പെട്ടിയിൽ ഇടമില്ലാതെ നിരാശരായവർ ഇരു മുന്നണിയിലുമുണ്ട്. അവരുടെ പാരപ്പണികളെയും അതിജീവിച്ചു വേണം സ്ഥാനാർത്ഥികൾക്ക് ഗോദയിൽ ഏറ്റുമുട്ടാൻ.
കടുത്ത മത്സരത്തിന്
എൻ.ഡി.എ
ജില്ലാ പഞ്ചായത്തിൽ പ്രതിനിധിയില്ലാതിരുന്ന എൻ.ഡി.എ ഇത്തവണ കടുത്ത മത്സരത്തിന് തയ്യാറെടുത്തിരിക്കുകയാണ്. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അശോകൻ കുളനട, കുളനട ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗമായ അജയകുമാർ വല്ല്യുഴത്തിലാണ് മറ്റൊരു പ്രമുഖൻ. എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിന് നാല് സീറ്റുകൾ വിട്ടുനൽകി.
മതിലുകളേക്കാൾ പ്രിയം
സോഷ്യൽ മീഡിയ
മതിലുകൾ കയ്യടക്കുന്നതിനേക്കാൾ സോഷ്യൽ മീഡിയകളിൽ പ്രചരണം കൊഴുപ്പിക്കുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. നാട്ടിലെ മൈക്ക് അനൗൺസ്മെന്റിന്റെ മാതൃകയിൽ സ്ഥാനാർത്ഥികളുടെ ചിത്രവും പേരും ചിഹ്നവും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്ന കാർട്ടൂൺ അനൗൺസ്മെന്റുകൾ വ്യാപകമായിട്ടുണ്ട്. വാഹനത്തിൽ മൈക്ക് വച്ച് കെട്ടി നാട്ടിൻപുറങ്ങളിലൂടെ അനൗൺസ് ചെയ്തുപോകുന്ന വാഹനങ്ങളുടെ രൂപവും ഭാവവാണ് സോഷ്യൽ മീഡിയകളിലെ വീഡിയോകൾക്ക്. സിനിമാ ഗാനങ്ങളും പ്രമുഖ രാഷ്ട്രീയ, സിനിമാ ഡയലോഗുകളും ഇതിലുണ്ട്.