1
തങ്കമ്മ

കടമ്പനാട് : നാല് പതിറ്റാണ്ടു കഴിഞ്ഞു, എന്നിട്ടും നാട്ടുകാർക്കിപ്പോഴും തങ്കമ്മ 'മെമ്പർ' തന്നെ. 57 വർഷം മുൻപാണ് കടമ്പനാട് പാകിസ്ഥാൻ മുക്ക് കോളനി 2 ൽ കറുത്തകുഞ്ഞിന്റെ ഭാര്യ തങ്കമ്മ ആദ്യമായി പഞ്ചായത്തംഗമാകുന്നത്. അന്ന് പ്രായം 24. കടമ്പനാട് പഞ്ചായത്തിലെ ആദ്യ വനിതാ ജനപ്രതിനിധിയും ഇവർതന്നെ. അന്ന് സ്ത്രീ സംവരണമൊന്നും ഇല്ല. തിരഞ്ഞെടുപ്പ് രംഗത്തേക്ക് സ്ത്രീകൾ പൊതുവെ കടന്നുവരാൻ മടിച്ചിരുന്ന കാലം. മത്സരിക്കാൻ കമ്മ്യൂണിസ്റ്റുപാർട്ടി പറഞ്ഞപ്പോൾ ആദ്യം ഒന്നമ്പരന്നു. കെ.ആർ. ഗൗരിയമ്മയെ നീ മാതൃകയാക്കാൻ ഭർത്താവിന്റെ ഉപദേശവും പിന്തുണയും പിന്നാലെ. മത്സരിച്ചു ജയിച്ചു. 511 വോട്ടിന്റെ ഭൂരിപക്ഷം. പിന്നീട് 1979 വരെ മെമ്പറായി തുടർന്നു.

ഇന്ന് സ്ത്രീകൾ ധാരാളമായി തിരഞ്ഞെടുപ്പു രംഗത്തേക്ക കടന്നുവരുന്നുണ്ട്. പക്ഷെ സ്ത്രീ ശാക്തീകരണം എവിടെ നില്ക്കുന്നു എന്നാണ് തങ്കമ്മ ചോദിക്കുന്നത്. പുതിയ വികസന സങ്കല്പമുള്ള കാഴ്ചപ്പാടുള്ള സ്ത്രീകൾ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നില്ലന്നതാണ് യഥാർത്ഥ്യം. ജനകീയാസൂത്രണം 25 വർഷം കഴിഞ്ഞിട്ടും ഗ്രാമീണ മേഖലയിൽ സ്ത്രീകളുടെ സാമ്പത്തികമായ സുരക്ഷിതത്വത്തിന് ഫലപ്രദമായ എത്ര പദ്ധതികൾ ആവിഷ്കരിക്കാൻ കഴിഞ്ഞു എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നുവെന്നും അവർ പറയുന്നു.

കടമ്പനാടിന്റെ വികസനത്തിന് നിർണായകമായ പങ്കുവഹിക്കാൻ താൻ മെമ്പറായിരുന്ന 17 വർഷക്കാലം കഴിഞ്ഞു എന്നാണ് തങ്കമ്മ പറയുന്നത്. ജനങ്ങൾക്കൊപ്പം അവരിൽ ഒരാളായി പ്രവർത്തിച്ചു, അതുകൊണ്ടാണ് നാട്ടുകാർ ഇപ്പോഴും സ്നേഹപൂർവ്വം മെമ്പർ തങ്കമ്മ എന്നു വിളിക്കുന്നത്.