ranni
റാന്നിയിലെ ഒരു സ്വകാര്യ കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡ്.

പത്തനംതിട്ട : വോട്ട് കിട്ടണമെങ്കിൽ കാട്ടുപന്നി ശല്യം കുറയ്ക്കണം. കോന്നി, റാന്നി മേഖലകളിൽ കാട്ടുപന്നി മൂലം കൃഷിനാശം സംഭവിച്ച കർഷകർ പ്രതിക്ഷേധ സൂചകമായി തിരഞ്ഞെടുപ്പ് സമയത്ത് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാത്ത ആരും വോട്ടിന് വേണ്ടി ഈ പടി കയറരുത് എന്നാണ് ബോർഡിലെ സന്ദേശം.റാന്നി,കോന്നി മേഖലകളിലാണ് ബോർഡ് വെച്ചിട്ടുള്ളത്. ഈ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാർഷിക വിളകൾ സംരക്ഷിക്കുവാനുള്ള ഒരു മാർഗവും ഫലം കാണുന്നില്ല. ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടത്തിൽ തന്നെ വെടിവെച്ചു കൊല്ലുവാനുള്ള ഉത്തരവ് ഉണ്ടെങ്കിലും നാട്ടിലെ തോക്ക് ലൈസൻസുള്ള ആളുകളെ തേടി പിടിച്ച് എത്തിക്കുമ്പോൾ കൃഷി പൂർണമായും കാട്ടുപന്നി തിന്നിട്ടുണ്ടാവും. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ കിട്ടുന്ന നഷ്ടപരിഹാരം തുച്ഛമാണ്. കുത്തിപ്പരിക്ക് പറ്റിയ നിരവധി ആളുകൾക്ക് വനം വകുപ്പ് ഇനിയും നഷ്ടപരിഹാരം നൽകിയിട്ടില്ല. അപേക്ഷകൾ കോന്നി കുമ്മണ്ണൂർ വനം വകുപ്പ് ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. ഇതിനൊപ്പം തന്നേയാണ് കൃഷിനാശവുമായി ബന്ധപ്പെട്ട പരാതികളും. ഇവറ്റകളെ വെടിവയ്ക്കാൻ ആളുകൾ ഇല്ലാത്തതും വലിയൊരു വെല്ലുവിളിയാണ്. ജില്ലയിലെ മലയോര മേഖലകൾ എല്ലാം നേരിടുന്ന പ്രശ്നമാണിത്.കർഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിയാണ് നഷ്ടമായിരിക്കുന്നത്.