test

നിലയ്ക്കൽ: ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ ബുക്ക് ചെയ്‌തെത്തിയ രണ്ട് തീർത്ഥാടകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്ന് സ്വന്തം വാഹനങ്ങളിലെത്തിയ രണ്ട് പേർക്കാണ് നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ കൊവിഡ് കണ്ടെത്തിയത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ പറയുന്ന 24 മണിക്കൂർ സമയം കഴിഞ്ഞ് എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് എന്നു തെളിഞ്ഞത്. ഇതോടെ ഇവരെ സ്വന്തം വാഹനങ്ങളിൽ തിരിച്ചയച്ചു. ഇവർ അതിർത്തി കടക്കുന്നത് ഉറപ്പാക്കണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചതായി നിലയ്ക്കലിലെ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതോടെ നിലയ്ക്കിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശബരിമലയിലേക്ക് വന്ന താത്കാലിക ശാന്തിക്കും അയ്യപ്പസേവാസംഘം പ്രവർത്തകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പൊലീസുകാരനും പോസിറ്റീവ്

ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ സ്പെഷ്യൽ സ്ക്വാഡിലെ കോഴിക്കോട് സ്വദേശിയായ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ശബരിമലയിലേക്ക് വരുന്നതിന് മുന്നോടിയായി നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ആർ. ടി പി.സി. ആർ ടെസ്റ്റിനും വിധേയനായിരുന്നു. അതിൻ്റെ ഫലം ശബരിമലയിൽ എത്തിയ ശേഷമാണ് പുറത്തുവന്നത്. ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്തു നിന്ന് ആംബുലൻസിൽ പമ്പയിലേക്കും അവിടെ നിന്ന് മറ്റൊരു ആംബുലൻസിൽ റാന്നിയിലെ കൊവിഡ് സെൻ്ററിലേക്കും കൊണ്ടുപോയി .