കോന്നി: താലൂക്ക് ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനിൽ കനത്ത ദുർഗന്ധം. മാസ്കും വച്ചിട്ടും ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് ജീവനക്കാരുടെ പരാതി. വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നവരും ഇതേ അവസ്ഥയിലാണ്. കെട്ടിടത്തിലെ ശൗചാലയങ്ങളുടെ പൈപ്പുകൾ പൊട്ടി മലിനജലം ഒഴുകുന്നതാണ് ഇതിന്കാരണം. കഴിഞ്ഞ അഞ്ച് ദിവസമായി രൂക്ഷമായ ദുർഗന്ധമാണ് ഇവിടെ വമിക്കുന്നത്. ശുചി മുറികളിലെ പൈപ്പുകൾ എല്ലാം പൊട്ടി കിടക്കുകയാണ്. ഓഫീസ് ജോലികൾ കൃത്യമായി ചെയ്യാനോ, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ് ജീവനക്കാർക്ക്.നിർമ്മാണത്തിലെ അപാകതകൾ കാരണം സാനിട്ടറി,ഇലക്ട്രിക് സംവിധാനങ്ങൾ തുടക്കം മുതലേ തകരാറിലായിരുന്നങ്കിലും ഇപ്പോഴത് രൂക്ഷമായിരിക്കുകയാണ്.
പരാതിയുണ്ട്, പരിഹാരമായില്ല
ഇലക്ഷൻ വിഭാഗം, താലൂക്ക് ഓഫീസ്, വിദ്യാഭ്യാസ ഓഫീസ്,സബ് ട്രഷറി,വാട്ടർ അതോറിറ്റി,രജിസ്ട്റാർ തുടങ്ങി നിരവധി ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.മഴ പെയ്താൽ ചോർച്ചമൂലം ഓഫീസുകളിൽ വെള്ളം വീഴുന്നതും പതിവാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പ് (കെട്ടിട നിർമ്മാണം) പത്തനംതിട്ട ഓഫീസിൽ നിന്നുമാണ്.പരാതികൾ ഏറെ ഉണ്ടായിട്ടും ഇവ പരിഹരിക്കാൻ ഇവർ നടപടികൾ സ്വീകരിക്കുന്നില്ലന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
വൈദ്യുതിമുടക്കവും പതിവ്
തുടർച്ചയായുള്ള വൈദ്യുതി മുടക്കം ഓഫീസ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനറേറ്റർ ഉണ്ടെങ്കിലും മിക്കപ്പോഴും തകരാറിലാണ്. പ്രത്യേക ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് വൈദ്യുതി ഇവിടേക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും കെട്ടിടത്തിലെ വയറിംഗിലെ അപാകതകൾ മൂലം ഷോർട്ട് സർക്യൂട്ട് പതിവാണ്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്നിട്ടുണ്ട്.