ശബരിമല: മണ്ഡല - മകരവിളക്ക് സീസണിൽ പതിവില്ലാത്ത ഉദയാസ്തമന പൂജയും പടിപൂജയും ദർശിക്കാൻ ലഭിച്ച അപൂർവ്വ നിർവൃതിയിലാണ് ഭക്തർ . തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലും 60 ഓളം പൂജകൾ മുടങ്ങുകയും ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് ഉദയാസ്തമന പൂജയും പടിപൂജയും നടന്നത്. 18 പൂജകളാണ് ഉദയാസ്തമന പൂജയ്ക്കുള്ളത്. പടി പൂജയ്ക്കും മുക്കാൽ മണിക്കൂർ സമയം വേണം. കനത്ത തിരക്കുള്ള സമയത്ത് ഈ പൂജകൾ നടത്തിയാൽ തീർത്ഥാടകർക്ക് ഏറെനേരത്തെ കാത്തിരുപ്പ് വേണ്ടിവരുന്ന സാഹചര്യത്തെ തുടർന്നാണ് ഈ ചടങ്ങുകൾ മാസപൂജ, ഉത്സവം, വിഷു ഉത്സവ സീസണുകളിലാക്കി കുറച്ചത്. ഇതോടെ പടിപൂജയുടെ ബുക്കിംഗ് 2034 വരെ പൂർത്തിയായി. ഉദയാസ്തമന പൂജയുടെ കാര്യവും വത്യസ്ഥമല്ല. ഇന്നലെ യാതൊരു ക്ലേശവും കൂടാതെ മനം നിറഞ്ഞ് ദർശനം നടത്തിയ ഭക്തർക്ക് ഈ ചടങ്ങുകൾകൂടി ദർശിക്കാൻ ലഭിച്ച അവസരം അപൂർവ്വ സൗഭാഗ്യമായി. ദർശനത്തിനെത്തിയവരിൽ ഭൂരിപക്ഷവും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു.