reshma
രേഷ്മ

പത്തനംതിട്ട : രേഷ്മയ്ക്ക് ഇനി പത്രിക സമർപ്പിക്കാം. ഇന്ന് 21 വയസ് തികഞ്ഞു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയ്ക്ക്. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയി നാളെ പത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസവും നാളെയാണ്. സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് രേഷ്മ മത്സരിക്കുന്നത്. എസ്.എഫ്.ഐ പ്രവർത്തകയായി രാഷ്ട്രീയത്തിലേക്കെത്തി. കോന്നി വി.എൻ.എസ് കോളേജിൽ ബി.ബി.എ ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്.എഫ്.ഐ പാനലിൽ വിജയിച്ചു. കോളേജിൽ നിന്ന് സജീവമായി രാഷ്ട്രീയത്തിലേക്കിറങ്ങിയ രേഷ്മ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം,ഡിവൈ.എഫ്.ഐ സെക്രട്ടേറിയേറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ച രേഷ്മ ഈ വർഷം എൽ.എൽ.ബിയ്ക്ക് ചേരാനിരിക്കുകയാണ്. റീസൈക്കിൾ കേരളയുമായി ബന്ധപ്പെട്ട് അരുവാപ്പുലം പഞ്ചായത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് 1.10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് രേഷ്മയുടെ നേതൃത്വത്തിലാണ്. അരുവാപ്പുലം തുണ്ടിയംകുളം വീട്ടിൽ റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളായ രേഷ്മയ്ക്കായി വോട്ടു ചോദിക്കാൻ സഹോദരൻ റോബിൻ റോയിയും ഒപ്പമുണ്ട്. പ്രായത്തിനെ വെല്ലുന്ന ആത്മ വിശ്വാസവും സംസാര രീതിയും രേഷ്മയെ നാടിന് പ്രിയപ്പെട്ടതാക്കുകയാണ്. എൽ.ഡി.എഫ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകുന്നതും യുവത്വത്തിനാണ്.അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡാണിത്. ഇവിടെ തുടക്കകാരിക്ക് അവസരം നൽകുന്നത് ചെറിയ കാര്യമല്ല. പ്രചാരണത്തിലോ പ്രവർത്തനത്തിലോ പ്രായം തടസമാകില്ല. നാടിന്റെ വികസനമാണ് മുഖ്യം. റോഡ്, കുടിവെള്ളം, തൊഴിൽ എന്നിവയ്ക്കാണ് മുൻതൂക്കം നൽകുക. യു.ഡി.എഫ് സിറ്റിംഗ് സീറ്റാണിത്. തിരിച്ച് പിടിക്കാം എന്ന് തന്നെയാണ് വിശ്വാസം. കോന്നി അരുവാപ്പുലം 11ാം വാർഡ് സ്ഥാനാർത്ഥിയാകുമെന്ന വിജയപ്രതീക്ഷയിലാണ് രേഷ്മ.