പത്തനംതിട്ട പ്രസ് ക്ളബിൽ നടന്ന തിരഞ്ഞെടുപ്പ് സംവാദത്തിൽ മുന്നണി നേതാക്കൾ സംസാരിക്കുന്നു-
വികസനത്തിന്റെ പെരുമഴക്കാലം
നാലര വർഷം വികസനത്തിന്റെ പെരുമഴക്കാലമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇൗ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം . കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടും. സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കും. കോർപറേറ്റുകൾക്ക് വേണ്ടിയല്ല പാവപ്പെട്ടവർക്ക് വേണ്ടിയാണ് എൽ.ഡിഎഫ് പ്രവർത്തിക്കുന്നത്. കൊവിഡിന്റെ പ്രതിരോധത്തെ ലോകം മുഴുവൻ ചർച്ചചെയ്തപ്പോൾ ഇവിടെ പരിഹസിക്കുകയാണ് ചെയ്തത്. എല്ലാ വികസനപ്രവർത്തനങ്ങൾക്കും തുരങ്കം വയ്ക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും.
കെ. അനന്തഗോപൻ
സി.പി.എം സംസ്ഥാന സമിതി അംഗം
-----------------
എല്ലാം പൊങ്ങച്ചം മാത്രം
ജില്ലയുടെ മനസ് എല്ലായ്പ്പോഴും യു.ഡി.എഫിന് അനുകൂലമാണ്. തിരുവല്ല ബൈപ്പാസും കോന്നി മെഡിക്കൽ കോളേജുമെല്ലാം യു.ഡി.എഫിന്റെ പദ്ധതികളാണ്. പുതിയതായി ഒന്നും എൽ.ഡി.എഫ് ജില്ലയിൽ നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ഭരിച്ചതുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നത്. ആറന്മുള എയർപോർട്ട് അട്ടിമറിച്ചത് സി.പി.എമ്മാണ്. കഴിഞ്ഞ നാലര വർഷത്തെ സംസ്ഥാന ഭരണം പൂർണ പരായജയമായിരുന്നു.
ബാബു ജോർജ്ജ്
ഡി.സി.സി പ്രസിഡന്റ്
-----------------------------
നടക്കുന്നത് രാഷ്ട്രീയ വടംവലി
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ വടംവലിയിൽ വികസനം വഴിമാറിപ്പോയി. വിവാദങ്ങൾ മാത്രമാണ് സംസ്ഥാനത്തുണ്ടായത്. വികസനം നടന്നില്ല. കേന്ദ്രസർക്കാരിന്റെ ജനകീയ പദ്ധതികളുടെ നേട്ടമാണ് ഉണ്ടായത്., സംസ്ഥാന സർക്കാരിന്റെ ജയദ്രോഹ നയങ്ങൾ ജനങ്ങൾക്ക് ദുരിതമായി മാറി. പ്രളയത്തിലും കൊവിഡ് പ്രതിരോധത്തിലും വ്യാപക അഴിമതികളാണ് നടന്നത്. യു.ഡി.എഫും എൽ.ഡി.എഫും കെടുകാര്യസ്ഥതയുടെ കാര്യത്തിൽ ഒന്നാണ്.
വിജയകുമാർ മണിപ്പുഴ
ബി.ജെ.പി ജനറൽ സെക്രട്ടറി