തിരുവല്ല: സംസ്ഥാന പാതയോരത്ത് നിരോധന ഉത്തരവ് ലംഘിച്ച് നികത്തിയെടുത്ത സ്ഥലം തഹസിൽദാർ സന്ദർശിച്ചു. തിരുവല്ല - മാവേലിക്കര പാതയിൽ കടപ്ര വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന പുളിക്കീഴ് ജംഗ്ഷന് സമീപത്തെ 10 സെന്റ് നിലമാണ് സ്വകാര്യ വ്യക്തി ശനിയാഴ്ച രാത്രി അനധികൃതമായി നികത്തിയത്. ഭൂമിയുടെ ചുറ്റുപാടും അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് മറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിലം നികത്തുന്നത് തടഞ്ഞുകൊണ്ട് കടപ്ര വില്ലേജ് ഓഫീസർ ഒരാഴ്ചമുമ്പ് നിരോധന ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് ഒറ്റരാത്രിയുടെ മറവിൽ നിലം മണ്ണിട്ട് നികത്തിയത്. നികത്തിയെടുത്ത നിലം സംബന്ധിച്ച മുഴുവൻ രേഖകളും അടിയന്തരമായി ഹാജരാക്കാൻ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായി തഹസിൽദാർ പി.ജോൺ വർഗീസ് പറഞ്ഞു.നിരോധന ഉത്തരവ് ലംഘിച്ച് നടന്ന നിലം നികത്തൽ സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി.