പത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിന് മണ്ണാറക്കുളഞ്ഞിയിൽ ജെ.സി.ബി ഉപയോഗിച്ച് വീതി കൂട്ടിയ ഭാഗത്തെ പൈപ്പ് പൊട്ടിയത് ശരിയാക്കാതെ മണ്ണിട്ട് മൂടി. പ്രദേശത്തെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. വാഹനത്തിൽ എത്തിക്കുന്ന വാട്ടർ ടാങ്കിൽ വെള്ളം വിലയ്ക്കു വാങ്ങിക്കുകയാണ് പ്രദേശവാസികൾ. മണ്ണാറക്കുളഞ്ഞി മാർക്കറ്റ് റോഡ്, ആശുപത്രി ജംഗ്ഷൻ, മേക്കൊഴൂർ വട്ടംകാലായിൽ, ചെറുവള്ളിക്കൽ കോളനി, മേക്കൊഴൂർ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനാണ് പൊട്ടിയത്. മൈലപ്ര ചീങ്കൽത്തടം പമ്പ് ഹൗസിൽ നിന്നാണ് പൈപ്പ് ലൈനിലൂടെ വെള്ളം എത്തുന്നത്. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളിൽ വെള്ളം ഇല്ലാത്ത സ്ഥിതിയുണ്ട്. ചില വീടുകൾക്ക് കിണർ ഇല്ല.
പൈപ്പ് ലൈൻ ശരിയാക്കാതെ കുഴി മണ്ണിട്ടു മൂടിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുയർന്നിട്ടുണ്ട്. പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ വീണ്ടും കുഴിക്കേണ്ടിവരും. മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ കുഴികൾ മൂടിയ ഭാഗത്ത് ചെളിയും വെള്ളവും നിറഞ്ഞു. മഴ പെയ്താൽ കടകളിലേക്ക് ചെളിവെള്ളം കയറുന്ന സ്ഥിതിയാണ്. ആളുകൾ കടകളിൽ കയറാതെ മടങ്ങിപ്പോകുന്നുണ്ട്. വാഹനങ്ങൾ ചെളിവെള്ളം തെറിപ്പിച്ചാണ് കടന്നു പോകുന്നത്. ഇരുചക്ര വാഹനങ്ങൾ ചെളിയിൽ തെന്നി മറിയുകയും ചെയ്യുന്നു. കാൽനട യാത്രക്കാർക്കും ഇവിടെ അപകട ഭീഷണിയുണ്ട്.
-------------
പൊട്ടിയ പൈപ്പ് ലൈൻ എത്രയും പെട്ടന്ന് നന്നാക്കണം. ചെളിയിൽ ചവിട്ടി വീഴാതെ കടകളിലേക്ക് ആളുകൾക്ക് നടന്നു കയറാൻ സംവിധാനം വേണം.
ജോബി
(മണ്ണാറക്കുളഞ്ഞി മാർക്കറ്റ്
ജംഗ്ഷനിലെ വ്യാപാരി)
-നാട്ടുകാരുടെ പ്രതിഷേധം ശക്തം
- റോഡിൽ ചെളിയും വെള്ളവും