അടൂർ: നിയോജക മണ്ഡലത്തിൽ ധാരണയായ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അടൂർ നഗരസഭയിലെ എൽ.ഡി.എഫ് യോഗത്തിൽ നിന്നും കേരളാ കോൺഗ്രസ് ജോസ് വിഭാഗം നേതാക്കൾവിട്ടു നിന്നു.അതേസമയം ലഭിച്ച സീറ്റുകളിലെ സ്ഥാനാർത്ഥികൾ പങ്കെടുത്തു. യു.ഡി.എഫിലായിരുന്ന സമയത്ത് കേരളാ കോൺഗ്രസിന് അഞ്ച് സീറ്റാണ് നല്കിയിരുന്നത്. എന്നാൽ എൽ.ഡി.എഫിൽ വന്നപ്പോൾ ജോസ്പക്ഷം എട്ട് സീറ്റാണ് ആവശ്യപ്പെട്ടത്.എ ന്നാൽ നാല് സീറ്റ് നല്കാമെന്ന് അടൂരിൽ നടന്ന ജില്ലാ എൽ.ഡി.എഫ് യോഗത്തിൽ ധാരണയായിരുന്നെങ്കിലും മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്.നാലാമത്തെ സീറ്റ് ഇതുവരെ നല്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ നടന്ന എൽ.ഡി.എഫ് യോഗത്തിൽ നിന്നും വിട്ട് നില്ക്കുന്നതെന്ന് ജോസ് പക്ഷം നേതാവ് ഡോ.വർഗീസ് പേരയിൽ പറഞ്ഞു. 26,19,18,8 വാർഡുകളാണ് കേരളാ കോൺഗ്രസ് ജോസ് പക്ഷത്തിന് നല്കാമെന്ന് സമ്മതിച്ചത്. ഇതിൽ 26-ാംവാർഡാണ് തീരുമാനമാകാനുള്ളത്. പന്തളം നഗരസഭയിൽ നേരത്തെ രണ്ട് സീറ്റാണ് കേരളാ കോൺഗ്രസിന് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ എൽ.ഡിഎഫിന്റെ ഭാഗമായപ്പോൾ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. പള്ളിക്കൽ പഞ്ചായത്തിൽ 17-ാം വാർഡിൽ നല്കിയ സീറ്റിൽ കേരളാ കോൺഗ്രസ് ജോസ് പക്ഷം ബിജു ജോർജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ചു. എന്നാൽ ഇവിടെ സി.പി.എം കാരൻ തന്നെ സ്ഥാനാർത്ഥിയായി രംഗത്ത് വന്നു. ഏഴംകുളത്ത് കേരളാ കോൺഗ്രസ് സ്ഥിരം മത്സരിച്ചിരുന്ന 12-ാം വാർഡ് ഇക്കുറി ആവിശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കൊടുമൺ പഞ്ചായത്തിൽ കഴിഞ്ഞ തവണ യു.ഡി.എഫി ലായിരുന്ന സമയം രണ്ട് വാർഡുകളിൽ മത്സരിച്ചിരുന്നു. എന്നാൽ അവിടെയും ഇക്കുറി സീറ്റ് ലഭിച്ചില്ല.പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല. ഏറത്ത് പഞ്ചായത്തിലും ഇതേ സ്ഥിതിയാണ്. ഇത്തരത്തിൽ അവഗണന തുടർന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് പാർട്ടി തീരുമാനം.