പന്നിയെ കൊല്ലാനുള്ള നിയമം തുടരണമെന്ന് കർഷകർ
കോഴഞ്ചേരി : കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നിയമം പറഞ്ഞതോടെ കർഷകർ ജില്ലയിൽ ആദ്യ വെടി പൊട്ടിച്ചത് അയിരൂരിലാണ്. കഴിഞ്ഞ മാസം 23 മുതൽ കഴിഞ്ഞ ദിവസം വരെ 3 പന്നികളെയാണ് അയിരൂർ പഞ്ചായത്തിൽ കൊന്നത്. നിയമം വന്നതിന് ശേഷം ആദ്യം പന്നിയെ കൊന്നത് അരുവാപ്പുലം പഞ്ചായത്തിലാണെങ്കിലും അത് വനപാലകരായിരുന്നു. പക്ഷേ ഇൗ നിയമം ഇന്നലെ സർക്കാർ പിൻവലിച്ചു.
നിയമം തുടരണമെന്നാണ് കർഷകരുടെ ആവശ്യം.
പന്നിശല്യത്തിനെതിരെ പട പൊരുതാൻ രൂപീകരിച്ച ജനജാഗ്രതാ സമിതിയാണ് അയിരൂരിൽ പന്നികളെ വെടിവച്ചു കൊന്നത്. വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും മേൽനോട്ടത്തിലായിരുന്നു ഷൂട്ടിംഗ് ടീമിനെ തിരഞ്ഞെടുത്തത്.
ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്ന കെ. വി. തോമസ് കുരുടാമണ്ണിൽ (70), എം.സി. മാത്യു അരുവിക്കൽ (70) എന്നിവർക്കൊപ്പം ജാഗ്രതാ സമിതി കൺവീനർ ജോമോൻ കുരുടാമണ്ണിലും ഉണ്ടായിരുന്നു.
വ്യോമസേനയിൽ നിന്ന് വിരമിച്ച തോമസ് കുരുടാമണ്ണിലിന് കഴിഞ്ഞ 40 വർഷമായി തോക്ക് ലൈസൻസ് ഉണ്ട്. തമിഴ്‌നാട് എൻജിനീയറിങ് കോളേജിൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ നിന്ന് വിരമിച്ച മാത്യു അരുവിക്കലിന് തോക്ക് ലൈസൻസ് ലഭിച്ചത് വർഷങ്ങൾക്കു മുമ്പാണ്.
23 ന് രാത്രി മതാപ്പാറ കുരുടാമണ്ണിൽ ബിജുവിന്റെ കൃഷിയിടത്തിലാണ് ആദ്യവെടി പൊട്ടിയത്. ചത്തുവീണ പന്നിയുടെ മഹസർ അധികൃതർ തയാറാക്കിവനംവകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം മറവുചെയ്തു.. പിന്നീട് പാലപുരം മുഴയൽ പുന്നക്കൽ, തേക്കുങ്കൽ ഭാഗങ്ങളിൽ രണ്ട് പന്നികളെക്കൂടി കൊന്നു.
പാടാണ് പന്നിവേട്ട
പന്നിവേട്ട നിസാരമല്ല. ദൂരം കൂടുതലാണെങ്കിൽ 2 വെടിയുണ്ടകൾ വേണം പന്നി നിലം പൊത്താൻ. ഒരു വെടിയുണ്ടയ്ക്ക് 200 രൂപയാണ് വില. സർക്കാർ നൽകുന്ന ധനസഹായം 1000 രൂപ മാത്രമാണ്. പന്നികളിറങ്ങുന്ന പറമ്പുകൾ അന്വേഷിച്ചുള്ള രാത്രിയാത്രയുടെ ചെലവ് വേറെ .
------------
'കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ജനജാഗ്രതാ സമിതികളുടെ നിർദ്ദേശങ്ങൾ ഗൗരവമായി കാണും. പന്നിക്കൂടുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത് പരിഗണനയിലാണ്.'
(പി. കെ. ജയകുമാർ ശർമ, ഡി.എഫ്.ഒ. റാന്നി)