തിരുവല്ല: നഗരസഭയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യു.ഡി.എഫിലെ വിവിധ ഘടകകക്ഷികൾ തമ്മിലുള്ള സീറ്റുകളിൽ ധാരണയായി. നഗരസഭയിലെ ആകെയുള്ള 39 സീറ്റുകളിൽ കോൺഗ്രസ് ഇത്തവണ 23 സീറ്റുകളിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം 12 സീറ്റിലും മുസ്ലിം ലീഗ്, ആർ.എസ്.പി, ജനതാദൾ, സി.എം.പി എന്നീ കക്ഷികൾ ഓരോ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനമായത്. അതേസമയം നഗരസഭയിലെ യു.ഡി.എഫിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കുറെ സീറ്റുകളിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ഇന്ന് തർക്കം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതാക്കൾ. ഔദ്യോഗിക തീരുമാനം പുറത്ത് വന്നില്ലെങ്കിലും തർക്കമില്ലാത്ത ചില സീറ്റുകളിലെ സ്ഥാനാർത്ഥികൾ ഇന്നലെ പത്രികാ സമർപ്പണം നടത്തി. അതേസമയം തർക്കമുള്ള സീറ്റുകളിലെ ചിലരും പത്രിക നൽകാൻ ഉറച്ച് നിൽക്കുന്നത് നേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെയാണ് എന്നതും നേതാക്കളെ കുഴപ്പിക്കുന്നു.