
ഫണ്ട് അനുവദിച്ചില്ല: പമ്പ, സന്നിധാനം ഹോമിയോ
ഡിസ്പൻസറികൾ തുറന്നില്ല
ശബരിമല: പമ്പ, ശബരിമല എന്നിവിടങ്ങളിലെ ഗവ. ഹോമിയോപ്പതി ആശുപത്രികൾ സീസൺ തുടങ്ങി രണ്ട് ദിവസം പിന്നിട്ടിട്ടും തുറന്നില്ല. പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് ആരോഗ്യ വകുപ്പ് അധികൃതർ ലഭ്യമാക്കാത്തതാണ് തടസ്സമായത്. ഇരുപത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ആശുപത്രികളാണിത്. മുൻ വർഷങ്ങളിൽ വൃശ്ചികം ഒന്നിനുതന്നെ തുറക്കാറുണ്ട്. പമ്പയിലും സന്നിധാനത്തും രണ്ട് വീതം ഡോക്ടർമാരുടെയും 5 വീതം പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭിച്ചു വന്നതാണ്. ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തരാണ് പ്രധാനമായും ഹോമിയോ ഡിസ്പൻസറിയെ ആശ്രയിക്കുന്നത്. ഒപ്പം സന്നിധാനത്തും, പമ്പയിലും ജോലിയെടുക്കുന്നവരും അലർജി സംബന്ധവും ചിക്കൻപോക്സ് ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള പ്രതിരോധ ഔഷധങ്ങൾക്കും പ്രധാനമായും ആശ്രയിച്ചിരുന്നത് ഇവിടെയാണ്. സീസൺ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ശുചീകരണം , ജീവനക്കാരുടെ വിന്യാസം, മരുന്നുകൾഎത്തിക്കുക എന്നീ ജോലികൾ പൂർത്തീകരിച്ചതാണ്. ഏകദേശം 7 ലക്ഷത്തോളം രൂപയാണ് പ്രതിവർഷം ആരോഗ്യ വകുപ്പ് അനുവദിച്ചിരുന്നത്. ഇത്തവണ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല.ഇതുമൂലം ഇതുവരെയും യാതൊരു മുന്നൊരുക്കങ്ങളും നടത്താനായില്ല. സേവനത്തിന് സന്നദ്ധരായവരിൽ നിന്ന് അപേക്ഷ വാങ്ങിയിരുന്നെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാൽ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച ഷെഡ്യൂൾ തയ്യാറാക്കിയിട്ടില്ലെന്ന് അറിയുന്നു.
തപാലിലെത്തും പ്രസാദം
ഇന്ത്യയിൽ എവിടെയും ശബരിമല പ്രസാദം തപാലിൽ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ ഒന്നാം ദിവസം തന്നെ ആയിരം പ്രസാദം തപാൽ വകുപ്പിന് കൈമാറി.
കൊവിഡ് കാരണം ശബരിമലയിൽ ദർശനത്തിന് എത്താൻ കഴിയാത്ത ഭക്തർക്ക് വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്ന് തയാറാക്കിയതാണ് തപാൽ പ്രസാദ വിതരണ പദ്ധതി.
ഇന്ത്യയിൽ എവിടെയുള്ള ഭക്തർക്കും തൊട്ടടുത്ത തപാൽ ഓഫീസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചാൽമൂന്നു ദിവസത്തിനുള്ളിൽ പ്രസാദം തപാലിൽ വീട്ടിൽ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞൾ, കുങ്കുമ പ്രസാദം, അർച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റിൽ ഉണ്ടാവുക. 450 രൂപയാണ് വില. ബുക്ക് ചെയ്ത അത്രയും പ്രസാദം പമ്പാ ത്രിവേണി പോസ്റ്റ് ഒാഫീസിൽ ദേവസ്വം ബോർഡ് എത്തിച്ചു നൽകും.
സ്വപ്ന സാഫല്യം നേടി പ്രതാപ്
'എങ്ക അപ്പാവുടെ കനവ് നിറവേറിച്ച്, എല്ലാം മുടിഞ്ചത് അയ്യപ്പനാലേ' എന്നു പറഞ്ഞു ശരണം വിളിക്കുമ്പോൾ തമിഴ്‌നാട് തിരുവില്വാമല സ്വദേശി പ്രതാപിന്റെ കണ്ണുകളിൽ സ്വപ്‌ന സാഫല്യത്തിന്റെ ആനന്ദാശ്രു. അച്ഛന്റെ ഇരുപത്തിമൂന്നു വർഷം മുമ്പുള്ള ആഗ്രഹമാണ് അയ്യപ്പ ദർശനത്തിലൂടെ പ്രതാപ് നിറവേറ്റിയത്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് കൂട്ടുകാരനൊപ്പം പ്രതാപ് സന്നിധാനത്ത് എത്തിയത്.
പ്രതാപ് ജനിച്ചപ്പോൾ അച്ഛൻ ആഗ്രഹിച്ചതാണ് മകനെ ശബരിമലയിലെത്തിക്കണമെന്ന്. എന്നാൽ, ജന്മനാലുള്ള ബുദ്ധിമുട്ടുമൂലം പ്രതാപിന് അധികം നടക്കുക പ്രയാസമായിരുന്നതിനാലും വലിയ തിരക്കിനെ ഭയമായിരുന്നതിനാലും ശബരിമല ദർശനം സാദ്ധ്യമായിരുന്നില്ല. നാട്ടിലെ പ്രധാന ഗുരുസ്വാമിയായ പ്രതാപിന്റെ അച്ഛൻ ആഗ്രഹം പൂർത്തീകരിക്കുന്നതിനു മുമ്പ് മരിച്ചു പോയി. കോവിഡ് കാരണം ശബരിമലയിൽ ആളുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടക്കില്ലെന്നു വിചാരിച്ച പ്രതാപിന്റെ സ്വപ്നത്തിന് വീണ്ടും ചിറകുമുളച്ചത്. വെർച്ച്വൽ ക്യൂ ബുക്കിംഗ് തുടങ്ങുന്ന ദിവസം നോക്കി ആദ്യം തന്നെ ദർശനത്തിനുള്ള അനുമതി വാങ്ങി. അച്ഛന്റെ ആഗ്രഹവും തന്റെ ഏറെക്കാലത്തെ സ്വപ്നവും പൂർത്തീകരിച്ച് അയ്യപ്പന് നന്ദി പറഞ്ഞ് കൂട്ടുകാരനൊപ്പം പ്രതാപ് സന്നിധാനത്തുനിന്നും മനംനിറഞ്ഞ് മടങ്ങി.