പത്തനംതിട്ട: നഗരത്തിൽ മുത്താരമ്മൻകോവിൽ - സെന്റ് ലൂക്ക് ആശുപത്രി റോഡിൽ സ്വകാര്യവ്യക്തിയുടെ ഗേറ്റിന് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിൽ പോസ്റ്റർ. എനിക്ക് വണ്ടിയുണ്ടെങ്കിലും വിവരമില്ലെന്ന് മനസിലായല്ലോ' എന്നാണ് ഡ്രൈവർ സീറ്റ് ഭാഗത്തെ വിൻഡോ ഗ്ളാസിലും കാറിന്റെ പിന്നിലും പോസ്റ്റർ പതിച്ചത്. ഗേറ്റിന് മുന്നിൽ തടസമുണ്ടാക്കിയും റോഡിലേക്ക് ഇറക്കിയും മറ്റ് വാഹനങ്ങൾക്ക് അസൗകര്യമുണ്ടാക്കി പാർക്ക് ചെയ്തതിന് ഏതോ വഴി യാത്രക്കാരൻ പതിച്ചതാണ് പോസ്റ്റർ. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കാർ പാർക്ക് ചെയ്തത്. സമീപത്തെ ആശുപത്രിയിലേക്കും ജില്ലാ മൃഗാശുപത്രിയിലേക്കും പോകാനുള്ള റോഡിലാണ് തടസമുണ്ടാക്കി കാർ പാർക്ക് ചെയ്തത്. റോഡിന്റെ ഒരു വശത്ത് ഓട നിർമ്മാണം നടക്കുകയാണ്.