പത്തനംതിട്ട: എൻ.ഡി.എയുടെ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ മലയാലപ്പുഴ ഡിവിഷനെച്ചാല്ലി ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിൽ തർക്കം. മലയാലപ്പുഴ, മല്ലപ്പളളി ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെക്കൂടി ബി.ജെ.പി പ്രഖ്യാപിച്ചു. ഏനാത്ത് സ്ഥാനാർത്ഥിയായ പാർട്ടി പ്രഖ്യാപിച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ഷാജി മത്സര രംഗത്ത് നിന്ന് പിൻമാറി.പകരം ജില്ലാ കമ്മിറ്റിയംഗം അഡ്വ.മണ്ണടി രാജുവാണ് സ്ഥാനാർത്ഥി. മലയാലപ്പുഴയിൽ ജി.മനോജാണ് എൻ.ഡി.എ സ്ഥാനാർത്ഥിയെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. നിലവിൽ മലയാലപ്പുഴ ഗ്രാമ പഞ്ചായത്തംഗമാണ്. മല്ലപ്പളളിയിൽ അഡ്വ.എലിസബത്ത് കോശി മത്സരിക്കും. ഇലന്തൂർ ഡിവിഷനിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായില്ല. ജില്ലാ പഞ്ചായത്തിലേക്ക് ഒൻപത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ബി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ബി.ഡി.ജെ.എസിന് ഉറപ്പായ നാല് ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പുളിക്കീഴ് - മിനുരാജേഷ്, കോഴഞ്ചേരി - ഓമന ദിവാകരൻ, റാന്നി - അഡ്വ.ബോബി കാക്കനാപ്പള്ളി, കൊടുമൺ - അഡ്വ.അശ്വതി എന്നിവരാണ് സ്ഥാനാർത്ഥികളെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അറിയിച്ചു.ബ്ളോക്ക് പഞ്ചായത്തുകളിൽ 10 ഡിവിഷനുകളിലും ഗ്രാമ പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ 60 സീറ്റുകളിലും ബി.ഡി.ജെ.എസ് മത്സരിക്കും.