നിലയ്ക്കൽ : നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനടക്കം മൂന്ന് പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പമ്പ ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചെക്കിംഗ് ഇൻസ്‌പെക്ടർക്കും വാട്ടർ അതോറിറ്റി ജീവനക്കാരനും ഒരു തീർത്ഥാടകനുമാണ് കൊവിഡ് .
നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഡ്യൂട്ടിക്കെത്തിയ ചെക്കിംഗ് ഇൻസ്‌പെക്ടർക്ക് ലക്ഷണങ്ങൾ കാണിച്ചതോടെയാണ് വീണ്ടും പരിശോധിച്ചത്. പാലക്കാട് നിന്ന് പമ്പയിലേക്ക് ഡ്യൂട്ടിക്കായി വന്ന വാട്ടർ അതോറിറ്റി ജീവനക്കാരൻ പരിശോധന നടത്താത്തതിനാലാണ് നിലയ്ക്കലിൽ 'ആന്റി ജൻ ടെസ്റ്റ് നടത്തിയത്. രണ്ട് പേരെയും കാർമ്മൽ സി.എഫ്.എൽ .ടി .സി .യിലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകന്റെ പരിശോധനയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്. സ്വന്തം വാഹനത്തിൽ വന്ന ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന തീർത്ഥാടകനെയും തമിഴ്‌നാട്ടിലേക്ക് മടക്കി അയച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.