1
ചിറ്റയം ഗോപകുമാർ എം എൽ എ കട സന്ദർശിക

അടൂർ: പക്ഷാഘാതം ശരീരം തളർത്തിയപ്പോൾ തകർന്നു പോയ കലയുടെ ജീവിതം തിരിച്ചു പിടിക്കാൻ സ്കൂൾ മേറ്റ്സിന്റെ സഹായ ഹസ്തം. ജീവിതം വഴിമുട്ടിയപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാതെ കുടുംബത്തേയും നെഞ്ചോടു ചേർത്ത് കഴിയുകയായിരുന്നു പന്നി വിഴ ശ്രീജയ നിവാസിൽ കല എന്നറിയപ്പെടുന്ന പുഷ്പരാജൻ. പക്ഷാഘാതം മൂലം 15 വർഷമായി ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് ശാരീരിക അവശതയിലായിരുന്നു ഇദ്ദേഹം. ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം കല അടൂർ എന്ന പേരിലാണ് അറിയപ്പെട്ടത്.ശരീരം തളർന്നതോടെ ജീവിതം വലിയ പ്രതിസന്ധിയിലായി. ഇതു മനസിലാക്കി കല പഠിച്ച അടൂർ ഗവ യു.പി.എൽ.പി സ്കൂളിലെ സഹപാഠികൾ ഒരു ജീവിതമാർഗം ഒരുക്കി കൊടുത്തിരിക്കുകയാണ്.അടൂർ ബൈപ്പാസിൽ ചെറിയ പെട്ടി കടയാണ് ഇവർ ഇട്ടു നൽകിയിരിക്കുന്നത്.ചായ,കാപ്പി,ചെറുകടികൾ എന്നിവ അടങ്ങുന്ന ചെറിയ കട. കൂടാതെ നാടൻ കാർഷിക ഉത്പന്നങ്ങളും ഇവിടെ ലഭിക്കും. ലോട്ടറി ഏജൻസിയും എടുത്ത് കച്ചവടം നടത്തുന്നു.1978-85 കാലഘട്ടത്തിലെ ഒന്നുമുതൽ ഏഴുവരെ പഠിച്ച സഹപാഠികളുടെ കൂട്ടായ്മയായ സ്കൂൾമേറ്റ്സ് ആണ് ഇതിന് നേതൃത്വം നൽകിയത്.സാമ്പത്തിക സഹായത്തേക്കാൾ നല്ലത് ഒരു സ്ഥിരവരുമാനമാണ് നല്ലതെന്ന കൂട്ടായ്മയിലെ അംഗങ്ങളുടെ തീരുമാനമാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് കൂട്ടായ്മ അംഗം വിനു സദാശിവൻ പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച സഹായത്തിൽ സഹപാഠികളോട് നന്ദി പറയുകയാണ് കല അടൂർ. കഴിഞ്ഞദിവസം ചിറ്റയം ഗോപകുമാർ എം.എൽ.എ കട സന്ദർശിച്ചിരുന്നു.