പത്തനംതിട്ട : കുഞ്ഞൻ പള്ളിയോടങ്ങളുടെ ശിൽപ്പികൾ പാർത്ഥസാരഥിയുടെ നടയിൽ പള്ളിയോടക്കാഴ്ചയൊരുക്കിയത് നവ്യാനുഭവമായി. പള്ളിയോടങ്ങളുടെ ചെറുപതിപ്പുകൾ ഉണ്ടാക്കുന്ന യുവാക്കളെയാണ് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ആദരിച്ചത്.
പള്ളിയോടങ്ങളെ സ്‌നേഹിക്കുന്നവരുടെയും ഭക്തരുടെയും വീടുകളിൽ പള്ളിയോടങ്ങളുടെ ചെറുപതിപ്പുകൾ ഇടം പിടിക്കാറുണ്ട്. ചിലർ കരകൗശലവസ്തുവായും മറ്റ് ചിലർ പൂജാബിംബമായുമൊക്കെയാണ് ഇതിനെ കാണുന്നത്. തിരുവോണത്തോണിയുടെ മാതൃകയും ചിലർ വീടുകളിൽ സൂക്ഷിക്കുന്നു. ചൈനയിലെ ഡ്രാഗൺ ബോട്ടുകളുടെ ചെറുമാതൃകകൾ വിശ്വാസത്തോടെ വീടുകളിൽ സൂക്ഷിക്കുന്നതിന് സമാനമാണിത്. പള്ളിയോടങ്ങളിലെ എല്ലാബിംബ കല്പനകളും ചെറുരൂപങ്ങളിലുമുണ്ട്. ഇത് നിർമ്മിക്കുന്ന പലരും തച്ചന്മാരോ കരകൗശല കലാകാരന്മാരോ അല്ല. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇത്തരം ചെറുപള്ളിയോടങ്ങൾക്ക് പ്രചാരം ലഭിച്ചത്. ഇവ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവയുമാണ്.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണ കുമാർ കൃഷ്ണവേണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ ശില്പികളെ പൊന്നാടയണിയിച്ചു. പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരി ഉപഹാരസമർപ്പണം നടത്തി. ശില്പി പ്രകാശ് സി.ആർ നിർമ്മിച്ച തിരുവോണത്തോണിയുടെ ചെറുപതിപ്പ് ക്ഷേത്രക്കടവിൽ നീരണിഞ്ഞു. ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയ അഖിൽ മാളിയേക്കലിനെ ആദരിച്ചു. പ്രകാശ് സി.ആർ.ആറന്മുള, അഖിൽ രാജേഷ്, അഖിൽ മേലുകര, അരുൺരാജ്, സേതു എം.എസ്, രാകേഷ് സി.പി, അർജുൻ.ആർ, അർജുൻ വെട്ടിയാർ, യു.കെ.അഭിഷേക്, അഖിൽ മാളിയേക്കൽ എന്നീ ശിൽപ്പികളുടെ പള്ളിയോട മാതൃകകളാണ് പ്രദർശിപ്പിച്ചത് . രാജേഷ് നായർ മാലക്കര, അജീഷ് പൂവത്തൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരവ് സംഘടിപ്പിച്ചത്.ആറന്മുള എസ്.എച്ച്.ഓ സന്തോഷ് കുമാർ,ദേവസ്വംബോർഡ് അസിസ്റ്റന്റ് കമ്മിഷണർ അജിത് കുമാർ, പഞ്ചായത്ത് അംഗം ഗീതാകൃഷ്ണൻ എന്നിവർ സംസാരിച്ചു.