കൊടുമൺ : തെരുവുനായ ശല്യം വർദ്ധിക്കുമ്പോൾ അതിനെ വന്ധീകരണത്തിനായി കൊടുമൺ പഞ്ചായത്തിൽ സ്ഥാപിച്ച കേന്ദ്രം താൽക്കാലികമായി അടച്ചിട്ടിട്ട് ഒരു വർഷത്തിലേറെയായി. 2017 കൊടുമൺ പഞ്ചായത്ത് മൃഗാശുപത്രി സമീപമായി തെരുവുനായ വന്ധീകരണ കേന്ദ്രം സ്ഥാപിച്ചത്. അടൂർ ,പന്തളം,മുൻസിപ്പാലിറ്റി കൊടുമൺ,ഏഴംകുളം, പന്തളം തെക്കേക്കര, വള്ളിക്കോട്, കോന്നി കലഞ്ഞൂർ, ഏനാദിമംഗലം തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും സ്വകാര്യ ഏജൻസി മുഖേന തെരുവ് നായ്ക്കളെ പിടികൂടി ഇവിടെ എത്തിച്ച വന്ധീകരണ നടത്തി അതാത് സ്ഥലങ്ങളിൽ വിട്ടയയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മറ്റു സ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തിക്കുന്ന തെരുവുനായ്കളെ വേണ്ട രീതിയിൽ വന്ധീകരണം നടത്തുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതുകൂടാതെ പിടിച്ചു കൊണ്ടു വരുന്ന തെരുവുനായ്കളെ ഇവിടെത്തന്നെ ഇടുന്നത് സമീപവാസികളെ കൂടുതൽ ദുരിതത്തിലാഴ്ത്തി. ഇതോടെ സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടയിൽ 250ലധികം തെരുവുനായ്ക്കളെ ഇവിടെ വന്ധീകരണം നടത്തിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടർ ഇടപെട്ട് 2018 മാർച്ച് മാസത്തോടെ ഇതിൻറെ പ്രവർത്തനം താൽക്കാലികമായി നിറുത്തിവെക്കുകയായിരുന്നു.പിന്നീട് ഇതിൻറെ പ്രവർത്തനം പുനരാരംഭിക്കുവാൻ മൃഗസംരക്ഷണവകുപ്പ് പഞ്ചായത്ത് ഒരു നടപടിയും എടുത്തിട്ടില്ലന്നതും ശ്രദ്ധേയമാണ്. പഞ്ചായത്തിലെ സ്ഥലത്ത് പഞ്ചായത്താണ് കെട്ടിടം നിർമ്മിച്ച് ഇതിനായി നൽകിയത്. എന്നാൽ ആ കെട്ടിടം ഇന്ന് കാടു കയറി നശിച്ചു കിടക്കുകയാണ്.കൊടുമൺ പഞ്ചായത്ത് ഉൾപ്പെടെ വിവിധ പഞ്ചായത്തുകളിൽ തെരുവുനായ് ശല്യം രൂക്ഷം ആകുമ്പോഴും ഈ കേന്ദ്രം തുറക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്.