പത്തനംതിട്ട : സംവരണ സീറ്റുകളിലെ വനിതാപ്രാതിനിദ്ധ്യം മാറി ജനറൽ സീറ്റുകളിലും വനിതകൾ മത്സരിക്കാനെത്തുമ്പോൾ തിരുത്തുകയാണ് ചരിത്രം. എത്ര പേർ ജയിക്കുന്നുവെന്നതിലല്ല. മുൻ വർഷങ്ങളിലേക്കാൾ സ്ത്രീകൾ അതും യുവതികൾ മത്സരംഗത്തേക്കെത്തുന്നുവെന്ന പ്രത്യേകതയും ജില്ലയ്ക്കുണ്ട്. മഹിളാ നേതാക്കൾ പ്രതികരിക്കുന്നു.
അർഹമായ വനിതാ പ്രാധിനിത്യമാണോ? സോഷ്യൽ മീഡിയ വെല്ലുവിളികൾ? പ്രവർത്തനങ്ങൾക്ക് പ്രായം തടസമാണോ? യുവ സ്ഥാനാർത്ഥികൾക്ക് ഭരിക്കാൻ സ്വാതന്ത്രം ഉണ്ടാകുമോ? തിരഞ്ഞെടുപ്പ് പ്രവർത്തനം?
നാട് മുന്നേറട്ടെ
വലിയൊരു മാറ്റമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയടക്കം ജില്ലയിലാണുള്ളത്. വനിതകൾക്ക് മുൻ വർഷങ്ങളിലേക്കാൾ അവസരം ഇത്തവണ ലഭിച്ചിട്ടുണ്ട്. ജനറൽ
സീറ്റിലടക്കം സി.പി.എമ്മിൽ സ്ത്രീകൾ മത്സരിക്കുന്നു.
സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥികളുടെ പേരിൽ നിരവധി തർക്കങ്ങൾ നടക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ല.
പ്രായം വികസനപ്രവർത്തനങ്ങൾക്കോ രാഷട്രീയ പ്രവർത്തനങ്ങൾക്കോ തടസമല്ല. എല്ലാവരും ഇങ്ങനെ തന്നെയാണ് മത്സരരംഗത്തേക്ക് വരുന്നത്. പുതിയ തലമുറ വരണം. നാടിന് മുന്നേറ്റം വേണം.
പ്രവർത്തനത്തെ പറ്റി അറിവില്ലാത്ത സ്ഥാനാർത്ഥികൾ ഉണ്ടാവില്ല. രാഷ്ട്രീയമായി പ്രവർത്തിക്കുന്നവരാണ് എല്ലാവരും. നിയന്ത്രണമൊന്നുമുണ്ടാകില്ല. നിലവിൽ സ്ക്വാഡുകൾ എല്ലാ ബൂത്തിലും രണ്ട് പേർവീതം പ്രവർത്തിക്കുന്നുണ്ട്.
ബിന്ദു ചന്ദ്രമോഹൻ,
മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്
പുതിയ ആളുകൾ വരണം
ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങട്ടെ. പുതിയ ആളുകൾ നാടിന് ആവശ്യമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ. വലിയ അവസരമാണ് ഈ വർഷം പെൺകുട്ടികൾക്ക്, സംവരണമല്ലാതെ എല്ലാ വാർഡിലും അവർ മത്സരിക്കുന്നുണ്ട്. ആരും എല്ലാം പഠിച്ച് കൊണ്ടൊന്നുമല്ല വരുന്നത്. പ്രവർത്തനത്തിലൂടെ പഠിക്കും. സോഷ്യൽ മീഡിയ നല്ലതാണെങ്കിലും ഒരുപാട് ചൂഷണങ്ങളും നടക്കുന്നുണ്ട്. ആരെയും മോശമാക്കാതിരിക്കണം. ആർക്കും നിയന്ത്രണമൊന്നുമുണ്ടാകില്ല. സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരോ പ്രദേശത്തും ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ട്.
കെ. പത്മിനിയമ്മ,
കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി
യുവത്വം വരട്ടെ
ഈ വർഷം വനിതകൾക്ക് പ്രാധാന്യമേറെയാണ്. സ്ത്രീകൾ മുമ്പോട്ട് വരേണ്ടത് നാടിന്റെ ആവശ്യം കൂടിയാണ്. സോഷ്യൽ മീഡിയ വെല്ലുവിളികളെ ഭയക്കേണ്ടതില്ല. വ്യക്തികളെ അധിക്ഷേപിക്കരുത്. ജയിച്ച് കഴിഞ്ഞ് സ്വതന്ത്രമായി വികസനത്തിന് വേണ്ടി പ്രവർത്തിക്കണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സ്ക്വാഡുകളുണ്ട്. കുറച്ച് ആളുകളെയുള്ളു കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണിത്.
സുമാ രവി, മഹിളാമോർച്ച വൈസ് പ്രസിഡന്റ്
അർഹതയുള്ളവർ വരണം
അർഹതയുള്ളവർ മത്സരരംഗത്തേക്ക് കടന്നു വരണം. സ്ത്രീകളുടെ പ്രാധിനിദ്ധ്യം വർദ്ധിച്ചത് നല്ല പ്രതീക്ഷ നൽകുന്നുണ്ട്. പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ സ്ഥാനാർത്ഥിയാക്കണം. സ്ത്രീകൾ കുറച്ചൂടെ ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്നാണ് തോന്നിയിട്ടുള്ളത്. സോഷ്യൽ മീഡിയ പോർ വിളികളോട് താൽപര്യം ഇല്ല. ആരേയും അധിക്ഷേപിക്കുന്നത് നല്ലതല്ല. പ്രായം ഒന്നിനും തടസമല്ല. സ്വതന്ത്രമായി ഭരണം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. ഇപ്പോൾ പ്രവർത്തനം ഏകോപിപ്പിക്കുവാൻ എല്ലാ പ്രദേശത്തും സ്ക്വാഡുകൾ തയാറാണ്.
കുഞ്ഞൂഞ്ഞമ്മ ജോസഫ്,
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്