തെങ്ങമം : ഈ കാലഘട്ടത്തിലും പൊതുഗതാഗത സൗകര്യങ്ങളില്ലാത്ത നാടുണ്ടോ ? ഉണ്ട് . പള്ളിക്കൽ പഞ്ചായത്തിലെ 22,23,1,2, വാർഡുകളിൽപ്പെട്ട തോട്ടുവാ, ചെറുകുന്നം - കൈതക്കൽ, പള്ളിക്കൽ പ്രദേശങ്ങളിലാണ് ഇപ്പോഴും പൊതു ഗതാഗത സംവിധാനങ്ങളൊന്നുമില്ലാതെ ജനങ്ങൾ വലയുന്നത്. ഗതാഗത സൗകര്യമില്ലങ്കിലും സംസ്ഥാനത്താദ്യമായി ജർമ്മൻ ടെക്നോളജിയിൽ റോഡ് പണിതത് ഈ പ്രദേശത്താണ്.നെല്ലിമുകൾ - തെങ്ങമം-ആനയടി റോഡും ചെറുകുന്നം - കൈതക്കൽ വഴിയാണ് കടന്നുപോകുന്നത്. വർഷങ്ങൾക്കുമുൻപ് തെങ്ങമം - കായംകുളം കെ.എസ്.ആർ ടി.സി.ബസ് ദിവസം മൂന്ന് തവണയും, ഓച്ചിറ നിന്ന് അടൂരിലേക്കുള്ള സ്വകാര്യ ബസുകളും തെങ്ങമം -തിരുവനന്തപുരം - കെ.എസ്.ആർ.ടി സി ബസും ഇതുവഴി സർവീസ് നടത്തിയിരുന്നു.പഴകുളം - ആനയടി - റോഡാണ് പള്ളിക്കൽ വഴി കടന്നുപോകുന്നത്.കരുനാഗപള്ളിയിൽ നിന്നും, ഓച്ചിറ നിന്നുമുള്ള സ്വകാര്യ ബസുകളും അടൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകളും ഇതുവഴി സർവീസ് നടത്തിയിരുന്നതാണ്. ഇപ്പോൾ ഒരു സർവീസും ഇല്ല. ഈ പ്രേദശത്തുള്ളവർ അടൂരിലേക്ക് പോകാൻ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് തെങ്ങമത്തോ പള്ളിക്കൽ മേകുന്നുമുകൾ ജംഗ്ഷനിലോ എത്തണം. ഇരുചക്രവാഹനം പോലുമില്ലാത്ത സാധാരണക്കാരാണ് ഏറ്റവും കൂടുതൽ വലയുന്നത്.കെ.എസ്.ആർ.ടി.സി നഷ്ടത്തിന്റെ കണക്കു പറഞ്ഞ് നിറുത്തലാക്കിയപ്പോൾ അതേ കാരണം പറഞ്ഞ് സ്വകാര്യ ബസുകളും നിറുത്തി.സർവീസുകൾ പുന:സ്ഥാപിക്കണമെന്നാവിശ്യപെട്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും ഒരു ഫലവുമില്ല. തെങ്ങമത്തുനിന്ന് - തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഒരു പ്രാവിശ്യം പുന:സ്ഥാപിച്ചെങ്കിലും വീണ്ടും ഇല്ലാതായി. പൊതു ഗതാഗത സംവിധാനമില്ലാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് തിരഞ്ഞെടുപ്പിൽ നാട്ടുകാരുടെ ആവിശ്യം.


ഈ കാലഘട്ടത്തിലും പൊതു ഗതാഗത സൗകര്യമില്ലാതെ നാല് വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശം ഉണ്ടന്നുളളത് പ്രമുഖ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഗൗരവകരമായി കാണണം.പരിഹാരമുണ്ടാകണം.

(ഉണ്ണികൃഷ്ണപിള്ള

തോട്ടുവ)