പത്തനംതിട്ട: കൊടുമ്പിരിക്കൊള്ളുന്ന ചർച്ചകളുടെ ചൂടും വിയർപ്പുമാണ് മുന്നണികളുടെ തിരഞ്ഞെടുപ്പ് തന്ത്രശാലകളിൽ. പത്രികാ സമർപ്പണ ദിവസം ഇന്ന് അവസാനിക്കാനിരിക്കെ, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയമാണ് മുന്നണികൾ പൂർത്തിയാക്കിയത്. നഗരസഭകളിലും ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിലും മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം അവസാന ഘട്ടത്തിലാണ്. ഇന്ന് രാവിലെയോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമരൂപമാകും. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർത്ഥികളാകാൻ വാശിയോടെ നിൽക്കുന്നവർ എൽ.ഡി.എഫിലും,​ യു.ഡി.എഫിലും,​ എൻ.ഡി.എയിലുമുണ്ട്.പട്ടികയിൽ ഒന്നിലധികം ആളുകൾ ഇടംപിടിച്ചതോടെ പലരെയും മെരുക്കി പുറന്തള്ളാനുള്ള തീവ്ര ചർച്ചകളിലാണ് നേതാക്കൾ. പട്ടികയിൽ നിന്ന് പുറത്താകുന്നവർ പാർട്ടിക്ക് പുറത്തുപോകാതിരിക്കാനുളള ധാരണകൾ സ്ഥാനമാനങ്ങളുടെ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടാണ് മുന്നാേട്ടുപോകുന്നത്.സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികകളുമായി നേരത്തേ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെട്ട മുന്നണികളും ഔദ്യോഗിക പ്രഖ്യാപനം നടത്താനാകാതെ കുഴങ്ങി നിൽക്കുകയായിരുന്നു.അനുനയ നീക്കങ്ങൾക്ക് വഴങ്ങാത്തവരെ പത്രിക നൽകാൻ അനുവദിച്ച ശേഷം പിൻവലിപ്പിക്കാനുള്ള നയമാണ് ഇനി പാർട്ടി നേതൃത്വങ്ങൾ സ്വീകരിക്കുക.ഇന്ന് വൈകിട്ടോടെ സ്ഥാനാർത്ഥികളുടെ അന്തിമരൂപമറിയാം.സീറ്റ് ലഭിക്കാത്തവർ വിമതരും സ്വതന്ത്രരുമായി രംഗപ്രവേശം ചെയ്തേക്കും.