vote

കോഴഞ്ചേരി : തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ മുന്നണികൾ സ്ഥാനാർഥികളെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്.
കോയിപ്രം , കോഴഞ്ചേരി ,ചെറുകോൽ, നാരങ്ങാനം, ആറന്മുള, അയിരൂർ പഞ്ചായത്തുകളിലെ ഏതാനും വാർഡുകളിൽ തുടരുന്ന തർക്കം പരിഹരിക്കാൻ രാത്രി വൈകിയും ചർച്ചകൾ തുടർന്നു . പുതുമുഖ സ്ഥാനാർത്ഥികളെ ഒഴിവാക്കി മുൻ ജനപ്രതിനിധികളെ വീണ്ടും മൽസരിപ്പിക്കുന്നതിലാണ് തർക്കങ്ങളും പിണക്കവും ഉള്ളത്.
കൊവിഡ് നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള പെടാപ്പാടിലാണ് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും . നിറഞ്ഞ ചിരിയോടെ, വോട്ടറെ ചേർത്തുനിറുത്തി കരം കവർന്ന് വീണ്ടും കാണാമെന്ന് ഉറപ്പു നൽകി മടങ്ങുന്ന വോട്ടു തേടലിനു പകരം സോഷ്യൽ മീഡയിലാണ് പ്രചാരണം മുറുകുന്നത്.
ഭവന സന്ദർശനത്തിന്റെ പരിമിതി സമൂഹ മാദ്ധ്യമങ്ങളിലൂടെ മറികടക്കുകയാണ് സ്ഥാനാർഥികൾ. ഇതിനു പുറമെ
പോസ്റ്ററുകളിലും മതിലുകളിലും മാസ്കിന്റെ മറയില്ലാതെ തെളിഞ്ഞ ചിരിയോടെ സ്ഥാനാർത്ഥികൾ നിറഞ്ഞുകഴിഞ്ഞു.
പുതിയതായി വെള്ള പൂശി ബുക്ക് ചെയ്ത മതിലുകളിൽ സ്ഥാനാർത്ഥികളുടെ ചിത്രത്തിനൊപ്പം കളർഫുൾ വിവരണങ്ങളും റെഡി. ഡിജിറ്റൽ യുഗത്തിലും പഴയ ചാരുത നിലനിറുത്തി ചുവരെഴുത്തുകൾ വൈകിയാണെങ്കിലും പതിവിലും കൂടുതലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.