പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ മൂന്ന് റോഡുകൾ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. നവംബർ മാസം ആദ്യവാരത്തിലാണ് ഈ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതെന്ന് വീണാ ജോർജ് എം.എൽ.എ അറിയിച്ചു.പത്തനംതിട്ട നഗരസഭയുടെ പരിധിയിൽ വരുന്ന മാക്കാംക്കുന്ന് -പുന്നലത്ത് പടി റോഡ്, സെൻട്രൽ ജംഗ്ഷൻ- തൈക്കാവ് റോഡ്, ജനറൽ ആശുപത്രിക്കു സമീപമുള്ള ഡോക്ടേഴ്‌സ് ലെയിൻ റോഡ് എന്നിവ നവീകരിക്കുന്നതിനാണ് ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്നു റോഡുകളുടെയും നവീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്. പത്തനംതിട്ട നഗരമദ്ധ്യത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ സെൻട്രൽ ജംഗ്ഷൻ തൈക്കാവ് റോഡിനെയാണ് പഴയ പ്രൈവറ് ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ, പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാർ, തൈക്കാവ് ഗവണ്മെന്റ് സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവരെല്ലാം ആശ്രയിക്കുന്നത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാന്റിലേക്കും എത്തുന്നതിനായി ഈ റോഡാണുള്ളത്. കാലങ്ങളായി അറ്റകുറ്റപ്പണികൾ ഇല്ലാതെ കിടക്കുന്ന ഡോക്ടേഴ്‌സ് ലെയിൻ റോഡ് നവീകരിക്കുന്ന വഴി ജനറൽ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് സിഗ്‌നലുകൾ കാത്തു കിടക്കാതെ എളുപ്പത്തിൽ എത്താൻ കഴിയും. പ്രദേശ വാസികളുടെ ചിരകാല ആവശ്യമായിരുന്നു ഈ റോഡുകളുടെ നവീകരണം.