പത്തനംതിട്ട : ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കാനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക പൂർത്തിയായി. ജില്ലാ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ഇത് പ്രസിദ്ധീകരിച്ചതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു. ഇതുപ്രകാരം ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുഴുവൻ യു.ഡി.എഫ് സ്ഥാനാർത്ഥികളും ഇന്ന് നോമിനേഷൻ നൽകും. ഇക്കുറി ഗ്രാമപഞ്ചായത്തുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ വാർഡ് കമ്മിറ്റികൾ യോഗം കൂടി അംഗീകരിക്കുന്നതിനു പുറമേ മണ്ഡലം/ബ്ലോക്ക്/ജില്ലാ സ്‌ക്രീനിംഗ് കമ്മിറ്റികളുടെയും പരിശോധനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളെ ജില്ലാ സ്‌ക്രീനിംഗ് കമ്മിറ്റിയും നിശ്ചയിച്ചു. വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ചവരുടെയും പ്രഗത്ഭരായവരുടെയും പട്ടികയാണ് ഇക്കുറി കോൺഗ്രസ് നേതൃത്വം തയാറാക്കിയിരിക്കുന്നതെന്നും യു.ഡി.എഫ് ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ ഭരണത്തിലെത്താൻ ഇത് കൂടുതൽ ആത്മവിശ്വാസം നൽകുന്നതായും ബാബു ജോർജ്ജ് പറഞ്ഞു.