tvla
തോ​മ​സ് ​വ​ഞ്ചി​പ്പാ​ലവും ഭാര്യ ലി​ൻ​ഡ​ ​തോ​മ​സും​

തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പ് ചുമത്ര വഞ്ചിപ്പാലം വീടിന് കുടുംബകാര്യമാണ്. മുൻ നഗരസഭാദ്ധ്യക്ഷ ലിൻഡ തോമസും ഭർത്താവും കൗൺസിലറുമായ തോമസ് വഞ്ചിപ്പാലവുമാണ് അടുത്തടുത്ത വാർഡുകളിൽ ഇടതു സ്ഥാനാർത്ഥികൾ. നഗരസഭയിലെ മൂന്ന് ആറ്റുചിറ, നാല് കിഴക്കൻമുത്തൂർ വാർഡുകളിലാണ് ഇവർ മത്സരിക്കുന്നത്. ഇരുവരും ഇന്നലെ പത്രികാ സമർപ്പണം നടത്തി പ്രചാരണം തുടങ്ങി . വോട്ടർമാർ ഏറെയുള്ള ആറ്റുചിറ വാർഡിൽ മൂന്നാംവട്ടമാണ് ലിൻഡ ജനവിധി തേടുന്നത്. ജനറൽ സീറ്റിൽ ആറ് പുരുഷന്മാരെ തോൽപ്പിച്ചാണ് രണ്ടാംവട്ടം കൗൺസിലറായത്. കിഴക്കൻമുത്തൂർ വാർഡിൽ തോമസ് രണ്ടാംവട്ടവും. തോമസിന്റെ ജേഷ്ഠസഹോദരൻ അന്തരിച്ച ജേക്കബ് വഞ്ചിപ്പാലം മുമ്പ് ചെയർമാനായിട്ടുണ്ട്. കേരളാ കോൺഗ്രസി(എം)ൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന ഇവർ ജോസ്‌കെ.മാണിക്കൊപ്പം ഇടതുമുന്നണിയിൽ എത്തുകയായിരുന്നു. രണ്ടുപേർക്കും ഇടതുമുന്നണി സീറ്റ് നൽകിയതിനാൽ ഒരേസമയം മത്സരിക്കുന്നത് ആദ്യമാണ്. ലിൻഡ പത്തുവർഷം കൗൺസിലറും രണ്ടുവർഷം നഗരസഭാദ്ധ്യക്ഷയുമായിരുന്നു. ബി.കോം വിദ്യാർത്ഥി ഡെൻസൺ, എൻജിനീയറിംഗ് വിദ്യാർത്ഥിനി ഡെറിന എന്നിവരാണ് മക്കൾ.