തിരുവല്ല: സീറ്റ് വിഭജനത്തിൽ പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറിയടക്കം തിരുവല്ലയിൽ നൂറോളം പേർ കോൺഗ്രസ് അംഗത്വം രാജിവച്ച് ഇടതുമുന്നണിയിൽ ചേർന്നു.കോൺഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറി സോമൻ താമരച്ചാൽ, മണ്ഡലം വൈസ് പ്രസിഡൻറ് ജോസ് കെന്നഡി,ബൂത്ത് പ്രസിഡൻ്റ് ബിജു ഫീലിപ്പോസ് എന്നിവരുടെ നേതൃത്വത്തിലാണ് വലിയൊരു വിഭാഗം പ്രവർത്തകർ ഇടതുമുന്നണിയിൽ ചേർന്നത്. ജനാധിപത്യമില്ലാതെ ഏകാധിപത്യ പരമയാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നതെന്നും ദളിത് പിന്നാക്ക വിഭാഗങ്ങളോട് കോൺഗ്രസ് നീതി പുലർത്തിയില്ലെന്നും കോൺഗ്രസ് വിട്ടവരെ ചേർത്ത് മഹാസമ്മേളനം സംഘടിപ്പിക്കുമെന്നും രാജിവച്ചവർ പറഞ്ഞു.കോൺഗ്രസ് വിട്ടുവന്നവരെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കുന്നുവെന്നും സോമൻ താമരച്ചാലിനെ പുളിക്കീഴ് ബ്ലോക്കിൽ മേപ്രാൽ ഡിവിഷനിൽ ജനറൽ സീറ്റിൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കുമെന്നും എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ.ആർ. സനൽകുമാർ പറഞ്ഞു.മൂന്നു പേരെയും ഹാരമണിയിച്ച് സ്വീകരിച്ചു.നാമനിർദേശ പത്രിക സമർപ്പണത്തിന് ശേഷം നൂറോളം പേർ പങ്കെടുക്കുന്ന ഇടത് പ്രവേശന സമ്മേളനം ചേരുമെന്ന് സോമൻ താമരച്ചാൽ പറഞ്ഞു.