പത്തനംതിട്ട: നഗരസഭയിലെ യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന് അമർഷം. അഞ്ച് സീറ്റ് ആവശ്യപ്പെട്ട പാർട്ടിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. കേരളകോൺഗ്രസ് വിട്ട് കോൺഗ്രസിൽ ചേർന്ന നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ആനിസജിക്ക് സീറ്റ് നൽകിയത് ജോസഫ് വിഭാഗത്തെ പ്രകോപിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിലാണ് കേരളകോൺഗ്രസ് എം മത്സരിച്ചത്. അതിൽ 16,18 വാർഡുകളാണ് ജോസഫ് വിഭാഗത്തിന് ലഭിച്ചത്. ഈ സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. കഴിഞ്ഞ തവണ മത്സരിച്ചവയിൽ 30, 32 വാർഡുകൾ കൂടി വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. അതേസമയം, എൽ.ഡി.എഫിലേക്ക് പോയ ജോസ് പക്ഷത്തിന് കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് വാർഡുകളും ഇത്തവണ ലഭിച്ചു.മൂന്നാം വാർഡിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാതെ കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. ഇത് ആർ.എസ്.പിക്ക് നൽകാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ, ജയസാദ്ധ്യതയില്ലാത്ത സീറ്റ് തങ്ങൾക്ക് വേണ്ടെന്ന നിലപാടിലാണ് ആർ.എസ്.പി. മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ-9-ാം വാർഡിലെ സിറാജ് പുത്തൻ വീട്, 13 കെ.എസ് റഷീദാ ബീബി, 22 സുൽഫിയാ സഗീർ.