തിരുവല്ല: ക്ഷേത്ര ഊട്ടുപുരയിലെ പാചക വാതക സിലിണ്ടറിലിൽ വൻ ചോർച്ചയുണ്ടായി. അഗ്നിശമന സേനയുടെ സമയോചിത ഇടപെടീൽ മൂലം പ്രശ്നം പരിഹരിച്ചു. കാവുംഭാഗം - മുത്തൂർ റോഡിൽ കരുനാട്ടുകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഊട്ടുപുരയിലെ പാചക വാതക സിലിണ്ടറിലാണ് ചോർച്ചയുണ്ടായത്. ഇന്നലെ വൈകിട്ട് 3.45 നാണ് സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ, ക്ഷേത്ര ജീവനക്കാരെയും സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരെയും ഊട്ടുപുരയുടെ പരിസരത്ത് നിന്നും നീക്കി. തുടർന്ന് ഊട്ടുപുരയ്ക്കകത്ത് കടന്ന സേനാംഗങ്ങൾ പാചക വാതക സിലിണ്ടർ പുറത്തെത്തിച്ച് വാൽവിലുണ്ടായ തകരാർ പരിഹരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കാവുംഭാഗം - മുത്തൂർ റോഡിൽ ഇരുപത് മിനിട്ടോളം ഗതാഗതം തടസപ്പെട്ടു.