youth

പത്തനംതിട്ട : ജില്ലയിലെ ജനറൽ സീറ്റിലടക്കം സ്ത്രീ പ്രാതിനിദ്ധ്യം ഏറെയാണ്. അതിലേറെയും യുവജനങ്ങൾ ആകുമ്പോൾ മത്സരത്തിന് ചൂടേറുന്നു. യുവനേതാക്കൾ പ്രതികരിക്കുന്നു.

 മാറിയ രാഷ്ട്രീയ സാഹചര്യത്തെ യുവനേതാക്കൾ വിലയിരുത്തുന്നു? സോഷ്യൽ മീഡിയ വെല്ലുവിളിയാണോ? യുവസ്ഥാനാർത്ഥികൾ ശോഭിക്കുമോ? തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ?

ആണും പെണ്ണും എന്നല്ല, യുവജനങ്ങൾ

അമ്പത് ശതമാനം സീറ്റിൽ മത്സരിക്കുന്നത് സ്ത്രീകൾ ആണ്. വലിയൊരു മാറ്റം തന്നെയാണ്. ആണും പെണ്ണും അല്ല യുവജനങ്ങളാണവർ. കഴിവുള്ള യുവജനങ്ങൾ മുമ്പോട്ട് വരണം. അവരാണ് നാടിന്റെ ഊർജം. സ്ഥാനാർത്ഥികൾ അറിവും വിദ്യാഭ്യാസവും ഉള്ളവരായതുകൊണ്ട് പെട്ടന്ന് കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. പുരുഷൻമാരുടെ പരിമിതികൾ മറികടന്ന് വീടിന്റെ അടുക്കളയിൽ വരെ കയറി ചെന്ന് ശോഭിക്കാൻ സ്ത്രീ സ്ഥാനാർത്ഥിക്ക് കഴിയും. മാറ്റം വരണം. സോഷ്യൽ മീഡിയയിൽ തങ്ങളുടെ വനിതാ സ്ഥാനാർത്ഥികൾക്ക് നേരെ ആക്രമണമുണ്ടായാൽ നിയമനടപടി സ്വീകരിക്കും. അതിനെ ഒരിക്കലും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല. ഒരു വ്യക്തിഹത്യയെയും അനുകൂലിക്കില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. എല്ലാ ബൂത്തിലും നാല് സ്ക്വാഡുകൾ ഉണ്ട്.

പി.ബി സതീഷ് കുമാർ,

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി

യുവത്വത്തിന്റെ പ്രസരിപ്പാണ് വിജയം

യുവത്വത്തിന്റെ പ്രസരിപ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നാം കണ്ടതാണ്. അത് തന്നെയാണ് നാടിന്റെ പ്രതീക്ഷയും. വികസനപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നവരാണ് യുവജനങ്ങൾ. സ്ത്രീകൾക്ക് കുറച്ചുകൂടി നന്നായി നയിക്കാൻ കഴിയും. സോഷ്യൽ മീഡിയ കമന്റുകൾ അതിര് കടക്കുന്നുണ്ട്. വ്യക്തിഹത്യയ്ക്കെതിരെ കർശന നിലപാടെടുക്കും. യുവസ്ഥാനാർത്ഥികൾ നല്ലരീതിയിൽ ഭരിക്കുമെന്ന് തന്നെയാണ് വിശ്വാസം.

എ. ദീപകുമാർ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ്

യുവജനങ്ങൾ നാടിന് അഭിമാനം

സ്ത്രീകളടക്കമുള്ള യുവജനങ്ങളുടെ വലിയനിര അണിനിരക്കുന്ന മത്സരമാണ് ഇത്തവണ. മാറ്റങ്ങൾ അനിവാര്യമാണ് അത് ഉണ്ടാകണം. സ്ത്രീകൾ ഭരിക്കുന്ന പ്രദേശം നോക്കിയാൽ മതി. അഴിമതികൾ അവിടെ കുറവാണ്. കൃത്യമായി കാര്യങ്ങൾ നടക്കും. എല്ലാവരും എല്ലാം പഠിച്ചിട്ടൊന്നുമല്ല എത്തുന്നത്. കാലക്രമേണ അവരും അതിൽ ഭാഗമാകും. പുതിയ ആളുകൾ വരണം.സോഷ്യൽ മീഡിയയിലെ മോശം കമന്റുകളോടും വ്യക്തിഹത്യകളോടും യോജിക്കുന്നില്ല. നടപടികളെടുക്കണം. നിലവിൽ ഇത്തരത്തിലുള്ള വാർത്തകളും പോസ്റ്റ്കളും ചുമതലപ്പെട്ടവർ ശ്രദ്ധയിൽപ്പെടുത്താറുണ്ട്. നീക്കം ചെയ്യേണ്ടവ നീക്കം ചെയ്യണം. വികസനപ്രവർത്തനങ്ങൾക്ക് ആരും എതിര് നിൽക്കാറില്ല. ആരേയും നിയന്ത്രിക്കേണ്ടതില്ല. എല്ലാവരും സ്വതന്ത്രവ്യക്തികളാണ്. തിങ്കളാഴ്ച യുവ സ്ഥാനാർത്ഥിസംഗമം ഡി.സി.സി ഓഫീസിൽ നടത്തുന്നുണ്ട്.

എം.ജി കണ്ണൻ,ജില്ലാ പ്രസിഡന്റ്,​ യൂത്ത് കോൺഗ്രസ്

പുതിയ മുന്നേറ്റം ആവശ്യം

ജില്ലയിൽ മത്സരരംഗത്ത് സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള പാർട്ടിയാണ് ബി.ജെ.പി. ഇത്തവണ ജനറൽ വാർഡുകളിലടക്കം സ്ത്രീകൾ മത്സരിക്കുകയാണ്. ബി.ജെപിയുടെ സ്ത്രീ സ്ഥാനാർത്ഥികൾ മത്സരിച്ച വാർഡുകളിലെല്ലാം നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുണ്ട്. യുവതികളായ വനിതകളാണ് ജില്ലയിൽ മത്സരിക്കുന്നത്. സമരമുഖത്ത് തന്നെ വനിതകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളോട് യോജിക്കുന്നില്ല. ഒരു പാർട്ടിയിലും അത് പാടില്ലെന്ന് തന്നെ വിശ്വസിക്കുന്നു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമും തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നുണ്ട്. ബൂത്തുകളിൽ മൂന്നുപേർ അടങ്ങുന്ന സംഘം പ്രചരണം നടത്തും.

ഹരീഷ് കൃഷ്ണ, യുവമോർച്ച ജില്ലാ പ്രസിഡന്റ്