adi

പത്തനംതിട്ട: ഉൾക്കാട്ടിലെ മരക്കമ്പിൽ ടാർപ്പോളിനും പഴന്തുണിയും മറയാക്കി ഒറ്റമുറിക്കുടിൽ. തോട്ടിൽ വെള്ളം വറ്റിയാലോ തേനും കുന്തിരിക്കവും കിട്ടാതായാലോ കുടിൽ തള്ളിമറിച്ചിട്ട് മറ്റൊരിടത്തേക്ക്...

ഇതു പഴങ്കഥ.

ജീവിതത്തിന് പുതിയ മുഖം നൽകുകയാണ് ശബരിമല കാടുകളിലെ ആദിവാസികൾ. സിറ്റൗട്ടും ബഡ്റൂമുകളും അടുക്കളയും ചേർന്ന ഈറക്കുടിലുകളിൽ അവർ സ്ഥിരവാസമുറപ്പിക്കുകയാണ്. അവരിലൊരാളായ അജയന്റേതാണ് ആശയവും പ്രയത്നവും. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഷീറ്റുകൾ എത്തിച്ചു നൽകിയതോടെ മേൽക്കൂരയും ഭദ്രം.

മൂന്നെണ്ണം പൂർത്തിയായി. മലമ്പണ്ടാര വിഭാഗത്തിലെ 95 കുടുംബങ്ങൾ ശബരിമല കാട്ടിലുണ്ട്. ഇവരിൽ 45 കുടുംബങ്ങൾക്ക് പുത്തൻ കുടിൽ ഉടനുയരും.

ഒരിക്കൽ ശബരിമലയിലേക്ക് പോയ കളക്ടർ നൂഹ് ളാഹയിൽ മഞ്ഞത്തോട് ഭാഗത്ത് പുതിയ കുടിൽ നിർമാണം കണ്ട് അവിട‌േക്ക് കയറുകയായിരുന്നു. കുടിൽ നിർമിച്ചുകൊണ്ടിരുന്ന അജയന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു മടങ്ങിയ കളക്ടർ മേൽകൂരയ്ക്കുള്ള ഷീറ്റ് എത്തിച്ചു.

അജയൻ ആദ്യത്തെ വീട് നിർമിച്ചു കൊടുത്തത് പിതാവ് ഭാസ്കരനാണ്. കുടിൽ പൂർത്തിയാക്കാൻ നാലു മാസം വേണമെന്ന് അജയൻ പറഞ്ഞു. കൂടുതൽ സഹായികളെ കിട്ടിയാൽ രണ്ടു മാസം കൊണ്ട് തീർക്കാം. അഞ്ച് കിലോമീറ്റർ അകലെ നിന്ന് ഇൗറ്റ വെട്ടിക്കൊണ്ടുവന്നാണ് നിർമാണം.

സ്ഥിരതാമസത്തിനുള്ള നിർമാണത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ എതിർത്തതിലെ ആശങ്കയിലാണിവർ. ഇക്കാര്യം കളക്ടറുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് പട്ടികവർഗ വകുപ്പ് അധികൃതർ പറഞ്ഞു.

ഈറക്കുടിൽ ഇങ്ങനെ

സിറ്റൗട്ട് ചേർന്നതാണ് പൂമുഖം. സ്വീകരണമുറി. രണ്ട് ബെഡ് റൂം. മരക്കുറ്റികൾ കാലുകളാക്കി ഇൗറ അടുക്കിക്കെട്ടിയ കട്ടിലുകൾ. നിന്ന് പാചകം ചെയ്യാൻ മണ്ണിട്ട് പൊക്കിയ അടുപ്പുകളുണ്ട് അടുക്കളയിൽ. വാതിലും ജനലും ഈറ കൊണ്ടു തന്നെ. വന്യമൃഗങ്ങളെ തടയാൻ മൂന്ന് വശത്തും കിടങ്ങുകൾ.

കാടു ജീവിതം

കുടുംബ സമേതം രാവിലെ ഉൾവനത്തിൽ കയറി തേനും കുന്തിരക്കവും ശേഖരിച്ച് വൈകിട്ട് മടങ്ങിയെത്തും. അട്ടത്തോട് ‌ട്രൈബൽ സ്കൂളിലെ വണ്ടി വന്ന് കുട്ടികളെ കൊണ്ടുപോയി വൈകിട്ട് തിരിച്ചെത്തിക്കും. പട്ടികവർഗ വകുപ്പിന് കീഴിലുള്ള ട്രൈബൽ ഒാഫീസർമാർ ഇടയ്ക്കിടെ ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കുന്നു. ഊരിൽ സോളാർ ലൈറ്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഒരു സന്നദ്ധ സംഘടന.

'' സ്ഥിര താമസത്തിന് തയ്യാറാകുന്ന കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. നിർമാണ തടസം നീക്കുന്നതിന് ജില്ലാ കളക്ടർ, ഡി.എഫ്.ഒ എന്നിവരുമായി സംസാരിക്കും.

എസ്.എസ്. സുധീർ,

ട്രൈബൽ ഡെവ. ഒാഫീസർ