20-rahul
രാഹുൽ

മലയാലപ്പുഴ: വാർത്തകൾക്കൊപ്പം വെട്ടൂരുകാർ കണികണ്ടിരുന്ന രാഹുൽ ജനപ്രതിനിധിയാകുന്നത് കാത്തിരിക്കുകയാണ് ഇൗ നാട്. ബ്ലോക്ക് പഞ്ചായത്ത് കോന്നിതാഴം ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണ് മുട്ടുമണ്ണിൽ രാധാകൃഷ്ണന്റെയും സുമയുടെയും ഇളയ മകനായ രാഹുൽ. പുലർച്ചെ 5 മുതൽ കേരളകൗമുദിയടക്കമുള്ള ഏഴ് പത്രങ്ങൾ വെട്ടൂരിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്തു കൊണ്ടാണ് ഇൗ യുവാവിന്റെ ഒരു ദിവസം തുടങ്ങുന്നത്. ഹൈസ്‌കൂൾ പഠനകാലത്ത് ആരംഭിച്ചതാണ് പത്രവിതരണം. രാഹുലിന് സ്ഥാനാർത്ഥിത്വം ലഭിച്ചതോടെ നാട്ടുകാർ സന്തോഷത്തിലാണ്, കാരണം പത്രം കൊണ്ടുവരുമ്പോൾ തന്നെ എന്തെങ്കിലും ആവശ്യം പറഞ്ഞാൽ ഉടൻ നടത്തിതരുമെന്ന വിശ്വാസമുണ്ട്. കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി യായാണ് പൊതുരംഗത്ത് വരുന്നത്. നിർദ്ധന കുടുംബാംഗമായ രാഹുൽ ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും പഠനത്തിലും സംഘടനാ പ്രവർത്തനത്തിലും മികവ് കാട്ടി, എസ്.എഫ്.ഐ മലയാലപ്പുഴ ലോക്കൽ കമ്മിറ്റി പ്രസിഡന്റ്, ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹയർ സെക്കൻഡറിയും ഐ.ടി.ഐയും പാസായ ഈ 22 കാരൻ ബി.എ ഹിസ്റ്ററി പഠനത്തിന് തയ്യാറാറെടുക്കുകയാണ്.സി. പി .എം മുട്ടുമൺ ബ്രാഞ്ച് കമ്മിറ്റിയംഗവും ,ഡി.വൈ.എഫ്.ഐ മലയാലപ്പുഴ മേഖല കമ്മിറ്റി ട്രഷറാറും വെട്ടൂർ ദേശീയ വായനശാല ഭരണസമിതിയംഗവുമാണ്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ വീട് അണുനശീകരണം നടത്തുന്ന പ്രവർത്തനം അടക്കം നിരവധി സേവന പ്രവർത്തനങ്ങൾക്ക് രാഹുൽ നേതൃത്വം വഹിച്ചിരുന്നു.