vote

കോഴഞ്ചേരി : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്നലെ അവസാനിച്ചതോടെ പകുതി ടെൻഷൻ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാണ്. വിധിയെഴുത്തിന് മുൻപേ എതിരാളികളെ ' മലർത്തിയടിക്കാനുള്ള ' അവസരമാണ് ഓരോ സ്ഥാനാർത്ഥിക്കും ഇതിലൂടെ വീണുകിട്ടുന്നത്.
വീട്ടുകരം അടച്ചില്ലെങ്കിൽ പോലും പത്രിക തള്ളാവുന്ന സ്ഥിതി. സ്ഥാനാർത്ഥിക്കു സർക്കാർ സ്ഥാപനങ്ങളിലോ ബാങ്കുകളിലോ ഒരുരൂപ പോലും വായ്പാ കുടിശിക പാടില്ല. സ്വന്തം പേരിൽ സ്ഥലമോ കെട്ടിടമോ ഉണ്ടെങ്കിൽ കരം അടച്ചിരിക്കണം. വ്യവഹാരം , സ്വത്ത്, വിദ്യാഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ച് പത്രികയ്‌ക്കൊപ്പം നൽകുന്ന സത്യപ്രസ്താവനകളിൽ പിശകുണ്ടെങ്കിലും പത്രിക നിരസിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷനോ കോടതികളോ അയോഗ്യത കൽപ്പിച്ചവരുടെ പത്രികകളും തള്ളും.
തദ്ദേശ സ്ഥാപന പരിധിയിലെ ഒരു വോട്ടർക്ക് ഏതു വാർഡിലും മത്സരിക്കാമെങ്കിലും നിർദേശകൻ അതേ വാർഡിലെ ആളല്ലെങ്കിൽ പത്രിക നിരസിക്കാവുന്നതാണ്. എതിർ സ്ഥാനാർത്ഥികൾ തെളിവ് സഹിതം പരാതി കൊണ്ടുവരുമ്പോഴാണ് സ്ഥാനാർത്ഥി വെട്ടിലാകുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുതെളിവ് സ്ഥാനാർത്ഥിക്ക് ഹാജരാക്കാം. വരണാധികാരി സ്വന്തം നിലയിൽ ഇവ അന്വേഷിക്കുന്നതിന് മുൻപേ എതിരാളികൾ കൃത്യമായ രേഖകൾ എത്തിക്കുന്നതാണ് അതിന്റെ രീതി.

കണക്കിലുമുണ്ട് കാര്യം

തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് ക്യത്യമായ കണക്ക് കരുതിയില്ലെങ്കിൽ സ്ഥാനാർത്ഥി വിജയിച്ചാലും അയോഗ്യത പണി തരും.
വരണാധികാരികൾ നൽകുന്ന നിശ്ചിത ഫോറത്തിലാണ് കണക്കെഴുതി സൂക്ഷിക്കേണ്ടത്. പ്രചാരണത്തിനിടെ എപ്പോൾ വേണമെങ്കിലും ഇവ പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തും. ഓരോ സ്ഥാനാർത്ഥിക്കും നൽകുന്ന പ്രചാരണ സാമഗ്രികളുടെ കണക്കുകൾ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. പിന്നീട് സ്ഥാനാർത്ഥികൾ നൽകുന്ന കണക്കുമായി ഒത്തു നോക്കുമ്പോൾ പൊരുത്തക്കേട് കണ്ടെത്തിയാൽ സ്ഥാനാർത്ഥിക്ക് നോട്ടിസ് നൽകും.
അച്ചടി, ചുവരെഴുത്ത്, ദൃശ്യ ശ്രവ്യ പരസ്യങ്ങൾ, യാത്ര എന്നിവ സംബന്ധിച്ച കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. പണം കൊടുത്ത തീയതി, കൈപ്പറ്റിയ ആളിന്റെ പേരും വിലാസവും , രസീതുകൾ എന്നിവയും വേണം. കൃത്യമായ കണക്ക് നൽകാത്തവരെ 6 വർഷത്തേക്കാണ് അയോഗ്യരാക്കുക.
പഞ്ചായത്ത് പരിധിയിലെ സ്ഥാനാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തിലുള്ളവർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭയിലെ സ്ഥാനാർത്ഥികൾ കളക്ടർക്കുമാണ് കണക്ക് നൽകേണ്ടത്.