ശബരിമല : മണ്ഡലമകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് മികച്ച കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മല കയറി വരുന്ന ഭക്തർക്ക് പാദങ്ങൾ സാനിറ്റൈസ് ചെയ്യാൻ ഏർപ്പെടുത്തിയ സൗകര്യമാണ് ഇതിൽ പ്രധാനം. വലിയ നടപ്പന്തലിനു മുൻപായി ഒഴുകുന്ന വെള്ളത്തിൽ പാദം കഴുകി വൃത്തിയാക്കാൻ സാധിക്കും. കാൽ കഴുകി അടുത്തത് വരുന്നത് സെൻസറോടു കൂടി സ്ഥാപിച്ചിരിക്കുന്ന ഹാൻഡ് സാനിറ്റൈസറിന്റെ അടുത്തേക്കാണ്. അവിടെ കൈശുചിയാക്കിയ ശേഷം പ്രവേശിക്കുന്നത് വീണ്ടും കാൽ അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റെസർ നിറച്ച ചവിട്ടിയിലേക്കാണ്. ചവിട്ടിയിലൂടെ കടന്നാൽ മാത്രമേ നടപ്പന്തലിലേക്ക് പ്രവേശിക്കാനാവൂ.
നഗ്‌നപാദരായി വരുന്ന ഭക്തജനങ്ങളുടെ കാൽ ശുചിയാക്കൽ പ്രധാനപ്പെട്ടതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. പതിനെട്ടാം പടിക്ക് മുൻപിലും ഹാൻഡ് സാനിറ്റൈസറും കാൽ ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 40 സ്ഥലങ്ങളിൽ പെഡസ്ട്രിയൽ ടൈപ്പ് ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ട്. നെയ്‌ത്തേങ്ങ സ്വീകരിക്കുന്ന സ്ഥലം, സ്റ്റാഫ് ഒൺലിഗേറ്റ്, എക്‌സിക്യൂട്ടീവ് ഓഫീസിനു മുൻവശം, എന്നിവിടങ്ങളിൽ സെൻസറുള്ള ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് എല്ലാവർക്കും മാസ്‌കും, ഗ്ലൗസും നൽകിയിട്ടുണ്ട്. ഇതിനു പുറമേ തീർത്ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികൾക്ക് മാസ്‌കും, ഗ്ലൗസും കൂടാതെ ഫേസ് ഷീൽഡും നൽകിയിട്ടുണ്ട്. ശൗചാലയങ്ങൾ ഓരോ വ്യക്തികൾ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കുന്നുണ്ട്. ടാപ്പ്, ഡോർ ഹാൻഡിൽ എന്നിവിടങ്ങളിൽ ക്ലോറിനേറ്റ് ചെയ്യും. ഇതിനാവശ്യമായ തൊഴിലാളികളേയും സൂപ്പർവൈസർമാരേയും നിയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച മാസ്‌കും, ഗ്ലൗസും ഇടുന്നതിനായി പ്രത്യേക ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
അന്നദാന മണ്ഡപം, ദേവസ്വം മെസ്, പൊലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളിൽ ഹൈഡ്രജൻ പെറോക്‌സൈഡ്, സിൽവർ നൈട്രേറ്റ് സൊലുഷ്യൻ ഉപയോഗിച്ച് ദിവസവും രാത്രി ഫോഗ് ചെയ്ത് അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരുമുറ്റം, ലോവർ തിരുമുറ്റം, പതിനെട്ടാം പടി നട, മാളികപ്പുറം തിരുമുറ്റം, അപ്പം അരവണ കൗണ്ടർ, വലിയനടപ്പന്തൽ, കെ.എസ്.ഇ.ബി എന്നിവിടങ്ങളിൽ ഫയർ ഫോഴ്‌സ് അണുവിമുക്തമാക്കുന്നുണ്ട്.
സാമൂഹിക അകലം പാലിക്കുന്നതിന് മാർക്കിംഗ്
തീർത്ഥാടകർ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പുവരുത്താൻ സന്നിധാനത്ത് മാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. വലിയ നടപ്പന്തൽ, അപ്പം, അരവണ, ആടിയ ശിഷ്ടം നെയ്യ്, പ്രസാദം കൗണ്ടറുകൾ, സന്നിധാനം, തിരുമുറ്റം, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് മാർക്കിംഗ് ചെയ്തിട്ടുള്ളത്. വലിയ നടപ്പന്തലിൽ മാത്രം 351 മാർക്കുകളാണ് ചെയ്തിട്ടുള്ളത്.