gavi
ഗവി കെ.എഫ്.ഡി.സി ഒാഫീസിന്റെ ഷെഡിൽ കിടക്കുന്നു ആംബുലൻസ്

സീതത്തോട്: വോട്ട് ചോദിച്ച് എത്തുന്നവരോട് ഗവി നിവാസികൾക്ക് ഒരു 'ചിഹ്നം' ചൂണ്ടിക്കാട്ടാനുണ്ട്. വർഷങ്ങളായുള്ള അവഗണനയുടെ അടയാളമായി അത് ഗവി കെ.എഫ്.ഡി.സി ഒാഫീസിന്റെ ഷെഡിൽ കിടപ്പുണ്ട്. 13 വർഷം മുമ്പ് ഗവി നിവാസികൾക്ക് വേണ്ടി അനുവദിച്ച ആംബുലൻസ് ആണ് ആ ചിഹ്നം. അപകടത്തിൽപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ച ആംബുലൻസ് മൂന്ന് വർഷമായി കട്ടപ്പുറത്താണ്. ഗവി, മീനാർ, കൊച്ചുപമ്പ പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കായി 'സ്കൂൾ ബസ്' ആയി ആംബുലൻസ് ഉപയോഗിച്ചത് വിവാദമായിരുന്നു. പിന്നീട് സ്കൂൾ ബസ് ലഭിക്കുകയും ചെയ്തു.

ഗവി നിവാസികളോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിക്കുന്ന അവഗണനയുടെ പ്രതീകമായി ആംബുലൻസ് കിടക്കുകയാണ്. ഇത്തവണ ത്രിതല തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ എത്തുമ്പോൾ ഗവിക്കാർ അത് ചൂണ്ടിക്കാട്ടും. സിനിമാ ഡയലോഗ് പോലെ ഇപ്പൊ ശരിയാക്കിത്തരാം എന്ന് വാഗ്ദാനം നൽകി സ്ഥാനാർത്ഥികളും പ്രവർത്തകരും മടങ്ങും.

ഫ്രാൻസിസ് ജോർജ് എം.പിയായിരുന്നപ്പോൾ 2003ൽ ഗവിയിലെ എഴുന്നൂറോളം കുടുംബങ്ങൾക്കായി അനുവദിച്ചതാണ് ആംബുലൻസ്. ഗർഭിണികളെയും ഗുരുതര രോഗം ബാധിച്ചവരെയും ജീവനക്കാരെയും ആശുപത്രിയിലെത്തിച്ച് ആശ്വാസം പകർന്ന ആംബുലൻസ് കേടായത് ഗവി റോഡിലെ ഒരു അപകടത്തിലാണ്. അറ്റകുറ്റപ്പണി നടത്തി ഇറക്കിയപ്പോൾ റോഡിലെ കല്ലുകളിലും തടികളിലും തട്ടി ആംബുലൻസ് പിന്നെയും തകരാറിലായി. വീണ്ടും പണി നടത്തി പത്തനംതിട്ട ആർ.ടി.ഒാഫീസിലെത്തിച്ച ആംബുലൻസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ ഷെഡിൽ കയറ്റിയതാണ്.

അടിയന്തര സാഹചര്യത്തിൽ ഗവി നിവാസികൾ വലിയ തുക നൽകി പ്രദേശത്തെ ഒാട്ടോറിക്ഷകളെ ആശ്രിയിച്ച് പത്തനംതിട്ടയിലും ആങ്ങമൂഴിയിലും വള്ളക്കടവിലും എത്തണം.

----------------------

'' ആംബുലൻസ് ശരിയാക്കത്തരാമെന്നത് എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും വാഗ്ദാനമാണ്. പണം ചെലവാക്കിയാണ് ഒട്ടോറിക്ഷകളിലും ജീപ്പിലും ആശുപത്രികളിൽ രോഗികളെ എത്തിക്കുന്നത്.

രാമജയം, ഗവി നിവാസി.