തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവല്ല നഗരസഭയിലെ രണ്ട് വാർഡുകളിൽ 22 വയസുകാരും കന്നിയങ്കത്തിനിറങ്ങി. നഗരസഭയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പ്രായംകുറഞ്ഞവർ മത്സരിക്കാൻ എത്തുന്നത്. 19, 33 വാർഡുകളാണ് ഇതിലൂടെ ശ്രദ്ധേയമാകുന്നത്. 19-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.എസ് അക്ഷയ് കുമാർ, 33-ാം വാർഡിലെ യു ഡി.എഫ് സ്ഥാനാർത്ഥി നാൻസി ലിറ്റി ജോർജ് എന്നിവരാണ് പ്രായംകൊണ്ട് ഇളമുറക്കാർ. രണ്ടുപേർക്കും പ്രായം 22. നാൻസിക്ക് ഇക്കഴിഞ്ഞ മേയിലും അക്ഷയിന് ഒക്ടോബറിലുമാണ് 22 വയസ് തികഞ്ഞത്. ഇരുവരും നാമനിർദേശ പത്രിക നൽകി പ്രചാരണവും തുടങ്ങി. അക്ഷയ് കുമാർ മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയും നാൻസി നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയുമാണ്. എൽ.ഡി.എഫിലെ ലിപിൻ ലാസർ, യു.ഡി.എഫിലെ ഫിലിപ്പ് ജോർജ് എന്നിവരാണ് അക്ഷയിന്റെ പ്രധാന എതിരാളികൾ. എൽ.ഡി.എഫിലെ രമ്യ സന്തോഷ്, എൻ.ഡി.എയിലെ പുജാ ജയൻ എന്നിവരുമായാണ് നാൻസിയുടെ പോരാട്ടം.