തിരുവല്ല: അപ്പർകുട്ടനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. നിരണം പഞ്ചായത്ത് മുക്കിൽ ആലഞ്ചേരിൽ എ.പി ഡാനിയലിന്റെ മകൻ ജിനു ഫിലിപ്പ് (15), വളഞ്ഞവട്ടം കുളഞ്ഞിക്കൊമ്പിൽ മെൽവിൽ (15) എന്നിവർക്കാണ് പരിക്കേറ്റത്. നിരണം എസ്.ബി.ടി ജംഗ്ഷനിലും കടപ്ര 14-ാം വാർഡിൽ ഗുരുദേവ ക്ഷേത്രത്തിന് സമീപത്തുമായി ഇന്നലെ രാവിലെ എട്ടരയ്ക്കും ഒമ്പതിനും ഇടയിലായിരുന്നു ആക്രമണം. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ എസ്.ബി.ടി ജംഗ്ഷന് സമീപം വച്ച് പിന്നിൽ നിന്ന് പാഞ്ഞെത്തിയ പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തോളെല്ലിനും കാലിനും സാരമായി പരിക്കേറ്റ ജിനുവിനെ കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ പോകവെയാണ് മെൽവിൻ പന്നിയുടെ ആക്രമണത്തിനിരയായത്. മെൽവിന്റെ മുഖത്തും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. മെൽവിനും കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നിരണത്തും കടപ്രയിലുമായി പന്നിയുടെ ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി നിസാര പരിക്കേറ്റിട്ടുണ്ട്. അക്രമകാരിയായ കാട്ടുപന്നിയെ കണ്ടെത്താൻ നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഒരുമാസം മുമ്പ് കുറ്റൂരിൽ കാർഷിക വിളകളും കാട്ടുപന്നി നശിപ്പിച്ചിരുന്നു.