പത്തനംതിട്ട : കന്നി വോട്ടർമാർ ആകാംക്ഷയിലാണ്. സ്വന്തം പ്രായത്തിൽ വരെയുള്ള സ്ഥാനാർത്ഥികളാണ് ചുറ്റിലും. മുമ്പ് സ്ഥാനാർത്ഥികളെ കാണുമ്പോഴുള്ള ഔപചാരികത കുറഞ്ഞു. ഇന്ന് കൂടെ പഠിച്ചവരും കൂട്ടുകാരുമാണ് മത്സരരംഗത്ത്. അത് അഭിമാനമാണെന്നാണ് കന്നി വോട്ടർമാരുടെ പ്രതികരണം.
"സ്ഥാനാർത്ഥികളെ കാണുമ്പോൾ വലിയ പ്രതീക്ഷയാണ്. ഇവിടൊരു എയർപോർട്ട് ഒക്കെ വരണം. നാടിന് മാറ്റം വരണം. കെ ഫോൺ പദ്ധതിയൊക്കെ ആവശ്യമാണെന്ന് യുവജനങ്ങൾക്ക് അറിയാം. ഒരിക്കലും ചിന്തിക്കാത്ത രീതിയിലുള്ള മാറ്റമാണ് സ്ഥാനാർത്ഥികളിൽ കാണുന്നത്.
മടിയൊന്നുമില്ലാതെ സ്ത്രീകളൊക്കെ മുമ്പോട്ട് വരുന്നു. "
എയ്ബൽ പി. സന്തോഷ്
(കടമ്മനിട്ട മൗണ്ട് സീയോൺ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി)
"മറ്റ് രാജ്യങ്ങളിലൊക്കെ സ്ത്രീകൾ നേതൃത്വത്തിലേക്ക് വരുന്നു. ഇവിടെ മാത്രം അത് സാദ്ധ്യമാകുന്നില്ല. അതുകൊണ്ട് തന്നെ നല്ല മാറ്റത്തിന്റെ സൂചനകളാണിത്. വ്യത്യാസങ്ങൾ ഉണ്ടാകും എന്നാണ് വിശ്വാസം. സ്ത്രീകളിൽ ഒരു ഇന്ദിരാഗാന്ധി മാത്രമല്ല നിരവധിപേർ ഭരണ രംഗത്ത് എത്തണം. സ്ത്രീ മുന്നേറ്റം സാദ്ധ്യമാകണം."
അൻസ ഷമീർ
(ബി.എ ഇംഗ്ലീഷ്, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം)
" ജയിക്കാനായി മാത്രം മത്സരിക്കരുത്. വോട്ടിന് വേണ്ടി മാത്രം വീട് കയറുന്നവരാകരുത് സ്ഥാനാർത്ഥികൾ. എപ്പോഴും ഏത് വിഷയത്തിലും ഇടപെടാൻ കഴിയണം. വനിതകൾ മുമ്പോട്ട് വരുന്നതാണ് അഭിമാനം. അവർക്ക് നാടിന് വേണ്ടി പലതും ചെയ്യാനാകും. വികസനത്തിൽ അഴിമതിയില്ലാതെ പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് കഴിയും. "
അഭിജിത് രാജ്
(വിദ്യാർത്ഥി, പാലക്കാട് നെഹ്റു കോളേജ് ഒഫ് ആർക്കിടെക്ചർ)
"യുവജനങ്ങൾക്ക് നാടിനെ അറിയാം. ഏത് വിഷയത്തിൽ ഇടപെട്ടാലും പാർട്ടി നോക്കി ഇടപെടരുത്. നാടിന്റെ മുഴുവൻ ശബ്ദമാകണം. പ്രത്യേക താൽപര്യത്തിന് വേണ്ടി നിലകൊള്ളരുത്. അതിൽ പ്രതീക്ഷയുണ്ട്. ഏത് പാർട്ടി ആയാലും യുവജനങ്ങൾ ജയിക്കണമെന്നാണ് ആഗ്രഹം. "
എ.ആർ.ആര്യ
(വിദ്യാർത്ഥി, ബി.എ.എം കോളേജ് തുരുത്തിക്കാട് )
"അനുഭവജ്ഞാനം ഇല്ലാത്തത് കൊണ്ടുതന്നെ എപ്പോഴും എന്തും ചെയ്യാനുള്ള മനസുണ്ടാകും. അങ്ങനെ ആവണം പുതിയ മത്സരാർത്ഥികൾ. ചെറുപ്രായത്തിൽ സ്ഥാനാർത്ഥിയാകാൻ കഴിയുന്നത് അവസരമാണ്. ഉത്തരവാദിത്വത്തെക്കുറിച്ച് ബോധമുണ്ടാവണം. നാടിന്റെ നന്മയും വികസനവും പ്രധാനം. "
അഭിലാഷ് മനോജ്
(ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഇലന്തൂർ)
" സ്ത്രീ സ്ഥാനാർത്ഥികൾക്ക് അവസരം കിട്ടിയാൽ അവർ നന്നായി ഉപയോഗിക്കും. യുവജനങ്ങൾ വന്നാലെ മാറ്റം വരു. നിലവിലെ പല കാര്യങ്ങളും തിരുത്തേണ്ടത് ആവശ്യമായിട്ടും മാറ്റാൻ കഴിഞ്ഞിരുന്നില്ല. നല്ല ഒരു ഭരണം പ്രതീക്ഷിക്കുന്നു.നാടിന് ഗുണം വേണം. "
മേഘ യശോദരൻ
(സെന്റ് തോമസ് കോളേജ് കോഴഞ്ചേരി)